എറണാകുളം: കനത്ത മഴയെ തുടർന്ന് രണ്ടാം ദിവസവും എറണാകുളത്ത് ട്രെയിനുകൾ വൈകിയോടുന്നു. ശക്തമായ മഴയിൽ എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ എന്നീ സ്‌റ്റേഷനുകളിലെ സിഗ്നൽ സംവിധാനം വെള്ളത്തിലായിരുന്നു. സിഗ്നൽ തകരാറിനെ തുടർന്നാണ് സർവീസുകൾ താളം തെറ്റിയത്.
സിഗ്നൽ തകരാർ പരിഹരിച്ചതായി റെയിൽവേ അറിയിച്ചിരുന്നുവെങ്കിലും രണ്ടാം ദിവസവും ട്രെയിൻ സർവീസിൽ നിയന്ത്രണം തുടരുകയാണ്. ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്‌തു. ഏറനാട് എക്‌സ്പ്രസ്, രപ്‌തി സാഗർ, ബിലാസ്‌പുർ സൂപ്പർഫാസ്‌റ്റ് ട്രെയിനുകളുടെ യാത്ര വൈകും.
നാഗർകോവിൽ നിന്നും 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകിയാണ് യാത്രപുറപ്പെട്ടത്. രാവിലെ 06.35 ന് പുറപ്പെടേണ്ട ഗോരഖ്‌പുർ രപ്‌തി സാഗർ സൂപ്പർഫാസ്‌റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. രാവിലെ 08.30ന് എറണാകുളത്ത് നിന്നും യാത്ര തുടങ്ങേണ്ട ബിലാസ്‌പുർ സൂപ്പർ ഫാസ്‌റ്റ് 11.15 ന് (2 മണിക്കൂർ 45 മിനിറ്റ് വൈകി) പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.