എറണാകുളം: സെന്‍റ് മേരീസ് ബസലിക്ക പള്ളിയില്‍ ക്രമസമാധാനം പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജിയെ തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം. പള്ളിയുടെ അകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.
ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവ് തുടരും. അതോടൊപ്പം എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ നിയമിതനായ പുതിയ അഡ്‌മിനിസ്‌ട്രേറ്ററായ ഫാദർ ആന്‍റണി പൂത വേലിലിനും സംരക്ഷണമൊരുക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രതിഷേധം കാരണം തനിക്ക് പള്ളിയിൽ പ്രവേശിക്കാനോ ആരാധന നടത്താനോ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഹൈക്കോടതിയെ സമീപിച്ചത്.
മുമ്പ് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ കുർബാന അർപ്പിക്കാനെത്തിയ ആൻഡ്രൂസ് താഴത്തിനെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വിമത വിഭാഗക്കാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബിഷപ്പ് ഹർജി സമര്‍പ്പിച്ചത്. ഹർജി ഹൈക്കോടതി അടുത്ത മാസം പരിഗണിക്കാനായി മാറ്റി.