എറണാകുളം: കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കിലോ ഹാഷിഷ് കടത്തവെ കാക്കനാട് സ്വദേശി മുഹമ്മദ് (24) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന കല്ലട ബസിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
റൂറൽ എസ് പികെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് അന്തർ സംസ്ഥാന ബസില്‍ പരിശോധന നടത്തിയത്. ഇന്ന് രാവിലെ അങ്കമാലി കെഎസ്‌ആർടിസി ബസ് സ്റ്റേഷന് സമീപത്തുവച്ച് ബസ് തടഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ചാണ് ഇയാള്‍ ഹാഷിഷ് കടത്താൻ ശ്രമിച്ചത്. ബാംഗ്ലൂരിൽ നാലാം വർഷ നിയമ വിദ്യാർഥിയാണ് പിടിയിലായ മുഹമ്മദ്. ഇടപ്പള്ളിയിൽ കാത്തുനിൽക്കുന്ന ആൾക്ക് കൈമാറാനായാണ് ഹാഷിഷ് കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നുത്.
also read: ഭാര്യയുടെ കാമുകനും ചേർന്ന് യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; പ്രതിപട്ടികയില്‍ 16 കാരനും
ആന്ധ്രയിൽ നിന്നും കടത്തി ബ്ലാംഗ്ലൂരിൽ വച്ച് കൈമാറ്റം ചെയ്യപ്പെട്ടതാണ് ഹാഷിഷ്. ഇടപ്പള്ളിയിൽ കാത്തു നിന്ന എറണാകുളം സ്വദേശിയും പിടിയിലായിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡിവൈഎസ് പി സക്കറിയാ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും അങ്കമാലി സി.ഐ സോണി മത്തായി, എസ് ഐ എൽദോ പോൾ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.