എറണാകുളം : വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് കാമുകിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് റിട്ട് നൽകിയ യുവാവിന് കാല്‍ ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് 25,000 രൂപ പിഴ ചുമത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ കാമുകിയെ പിതാവും സഹോദരനും ചേർന്ന് തടങ്കലിലാക്കിയെന്നാരോപിച്ചായിരുന്നു ഇയാൾ ഹേബിയസ് കോർപ്പസ് സമർപ്പിച്ചത്.
സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം മുൻപ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഷമീർ ഇക്കാര്യം മറച്ചുവച്ചാണ് കാമുകിയെ വിട്ടുകിട്ടാന്‍ ഹൈക്കോടതിയില്‍ ഹർജി നൽകിയത്. ഹർജി പരിഗണനയ്ക്ക് വന്ന ശേഷമാണ് ഇയാള്‍ താൻ മുൻപ് വിവാഹിതനായിരുന്നുവെന്നും മോചന ഹർജി ഭാര്യ കുടുംബ കോടതിയിൽ നൽകിയതായും കോടതിയെ അറിയിച്ചത്.
വിവാഹമോചനത്തിന് തനിക്ക് എതിർപ്പില്ലെന്നറിയിച്ചിട്ടുണ്ടെന്നും പിരിയുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും ഇയാൾ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രധാനപ്പെട്ട ഈ വിവരം മറച്ചുവച്ചതിൽ അതൃപ്‌തി പ്രകടിപ്പിച്ച കോടതി പിഴ ചുമത്തുകയായിരുന്നു. ഇയാളുടെ മുൻവിവാഹത്തെക്കുറിച്ചും വിവാഹമോചന നടപടികൾ സംബന്ധിച്ചും വിശദാംശങ്ങൾ അറിയിക്കാൻ ജസ്‌റ്റിസുമാരായ അലക്‌സാണ്ടർ തോമസും സോഫി തോമസുമടങ്ങിയ ഡിവിഷൻ ബഞ്ച് നിർദേശം നൽകി.
കുടുംബ കോടതിയോടും വിവാഹമോചന ഹർജിയിലെ വിശദാംശങ്ങൾ ഹൈക്കോടതി തേടിയിട്ടുണ്ട്. അതേസമയം വീഡിയോ കോൺഫറൻസ് മുഖേന കോടതി യുവതിയോട് വിവരങ്ങൾ തിരക്കി. തനിക്ക് ഹർജിക്കാരനോടൊപ്പം ജീവിക്കാനാണ് താത്‌പര്യമെന്നും താൻ തടവിലാണെന്നുമാണ് യുവതി കോടതിയെ അറിയിച്ചിട്ടുള്ളത്.