എറണാകുളം: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പള്ളിവാസലിന് സമീപം പാതയുടെ മധ്യഭാഗത്ത് രൂപം കൊണ്ട ഗര്‍ത്തം ഭീഷണിയാകുന്നു. കാലവര്‍ഷക്കെടുതിയില്‍ ശക്തമായ വെള്ളമൊഴുക്കിനെ തുടര്‍ന്ന് പാതയുടെ ഉള്‍ഭാഗത്ത് നിന്നും മണ്ണൊഴുകി പോയതാണ് ഗര്‍ത്തം രൂപം കൊള്ളാന്‍ കാരണം.ഗര്‍ത്തം രൂപം കൊണ്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുത്തിട്ടില്ല. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പാത കൂടുതലായി ഇടിയാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
മഴ മാറിയതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെയും വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചു. വളവിനോട് ചേര്‍ന്ന ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന ഗർത്തം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇതോടെ വാഹനങ്ങള്‍ കുഴിയിലകപ്പെടാനും സാധ്യത കൂടുതലാണ്. വാഹനങ്ങളുടെ എണ്ണമേറുന്നതോടെ ഗതാഗതകുരുക്കിനും ഇത് കാരണമാകും.
മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമെന്ന നിലയില്‍ റോഡ് ഉടന്‍ ശരിയാക്കാന്‍ നടപടി വേണമെന്നാണ് യാത്രക്കാരും സമീപവാസികളും ആവശ്യപ്പെടുന്നത്.