എറണാകുളം : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിൽ സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് പിടിയിലായ കപ്പലിലെ ജീവനക്കാർക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി പരാതി. പിടിയിലായ നോർവേ കപ്പൽ ഹീറോയിക് ഇഡുവിലെ നാവികനായ സനു ജോസിന്‍റെ ഭാര്യ മെറ്റിൽഡയാണ് വ്യാജ പ്രചരണത്തിനെതിരെ രംഗത്തെത്തിയത്. കപ്പലിലുള്ള ജീവനക്കാരെ എണ്ണ മോഷ്‌ടാക്കളായി ചിത്രീകരിക്കുകയാണെന്നും ഇത് ശരിയല്ലെന്നും മെറ്റില്‍ഡ മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റായ പ്രചരണങ്ങൾ കൊണ്ട് ഏറെ പ്രയാസം അനുഭവിക്കുകയാണ് കപ്പൽ ജീവനക്കാരുടെ ബന്ധുക്കള്‍. കുടുംബം പോറ്റുന്നതിനായി ജോലി ചെയ്യാൻ പോയവരാണ് അവര്‍. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ എണ്ണ മോഷ്‌ടാക്കളായി ചിത്രീകരിക്കുന്നത്. മാധ്യമങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് സനു ജോസ് തിരിച്ചുവരണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. എല്ലാവരും അവർ തിരിച്ചെത്തണമെന്ന് പ്രാർഥിക്കുന്നു. എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. തെറ്റ് ചെയ്‌തിട്ടില്ല, പിന്നെ എന്തിന് പേടിക്കണമെന്ന് സനു ജോസ് തന്‍റെയടുത്ത് പറഞ്ഞിട്ടുണ്ട്. ആ ഒരു ധൈര്യം തങ്ങൾക്ക് ഉണ്ടെന്നും മെറ്റിൽഡ പറഞ്ഞു.
അതേസമയം, ഗിനിയിൽ നിന്നും കപ്പൽ നൈജീരിയക്ക് കൈമാറിയതായാണ് വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചത്. കപ്പൽ നൈജീരിയയിൽ എത്തിയാൽ ജീവനക്കാരുടെ മോചനത്തിന് വേണ്ടി ഊർജിത ശ്രമം നടത്താന്‍ കാത്തിരിക്കുകയാണ് അവിടുത്തെ എംബസി ഉദ്യോഗസ്ഥർ.