എറണാകുളം: PETROL DIESEL ON GST: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനമെന്നും കോടതിയെ അറിയിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതി. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെട്രോളിനെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കൊവിഡ് പുനരുജ്ജീവന പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം കണ്ടത്തേണ്ടതുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി യുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കൗൺസില്‍ ഹൈക്കോടതിയെ അറിയിച്ചു.
Also Read: Petrol Diesel In GST| ഇന്ധന വില ജി.എസ്.ടിയില്‍ വേണമെന്ന ഹര്‍ജി; ഹൈക്കോടതിയിൽ സാവകാശം തേടി കേന്ദ്രം
ഇതേ നിലപാട് ജിഎസ്‌ടി കൗൺസിൽ നേരത്തെയും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ജി.എസ്.ടി കൗൺസിലിന്‍റെ യോഗ തീരുമാനങ്ങൾ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്‍റെ രൂപത്തിൽ നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ധന നികുതി ജി.എസ്.ടി യിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ജി.എസ്.ടി കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഹൈക്കോടതിയെ സമീപിച്ചത് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി
ഇന്ധനവില വർധന ചെറുക്കാൻ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിലാക്കണെമന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു കോടതി വിശദീകരണം തേടിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് പല വിലയാണെന്നും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിലൂടെ വില ഏകീകരിക്കാൻ കഴിയുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹർജിക്കാർ ജി.എസ്.ടി കൗൺസിലിന് നിവേദനം നൽകിയിരുന്നെങ്കിലും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.