എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തുടർച്ചയായ രണ്ടാം ദിവസവും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 49 ലക്ഷം രൂപയുടെ സ്വർണമാണ് എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ കുന്നംകുളം സ്വദേശി സംഗീത് മുഹമ്മദാണ് ശരീരത്തിന്‍റെ രഹസ്യ ഭാഗത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കി 1063 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം വായയ്ക്കുള്ളിലും ജ്യൂസ് ബോട്ടിലിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി എയർ പോർട്ടിൽ യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു.
ഈ കേസിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരിൽ നിന്നായാണ് 950 ഗ്രാം സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശികളായ അബൂബക്കർ, അബ്ദുള്ള എന്നിവരാണ് വായയ്ക്കുള്ളിലും ജ്യൂസ് ബോട്ടിലിലും സ്വർണം ഒളിപ്പിച്ചത്. ഇരുവരും ദുബായിൽ നിന്നുമെത്തിയ യാത്രക്കാരായിരുന്നു.
അബ്‌ദുള്ളയിൽ നിന്നും അബൂബക്കറിൽ നിന്നും 125 ഗ്രാം സ്വർണം വീതമാണ് പിടികൂടിയത്. കുവൈത്തിൽ നിന്നും വന്ന കൊല്ലം സ്വദേശിനിയിൽ നിന്നും 700 ഗ്രാം സ്വർണവും പിടികൂടിയിരുന്നു. ചെയിനുകളായും അരഞ്ഞാണങ്ങളുമായാണ് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇവർ സ്വർണം ഒളിപ്പിച്ചത്.
അതേസമയം സ്വർണക്കടത്ത് സംഘങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് തുടർച്ചയായി നടത്തുന്ന സ്വർണ വേട്ടകൾ. കസ്റ്റംസിന്‍റെ കണ്ണ് വെട്ടിക്കുന്നതിന് വ്യത്യസ്ഥമായ രീതികളും കടത്ത് സംഘങ്ങൾ സ്വീകരിക്കുകയാണ്. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവയും യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു.