എറണാകുളം : പെരിയാറിൽ ചാക്കുകണക്കിന് അറവുമാലിന്യങ്ങള്‍ തള്ളുന്നു. വാഴക്കുളം പഞ്ചായത്തിലെ പെരിയാറിനോട് ചേർന്നുകിടക്കുന്ന മാറമ്പള്ളി കുടിവെള്ള പമ്പിങ് സ്റ്റേഷന് താഴെ നിരവധി ചാക്കുകളിലായി അറവുമാലിന്യങ്ങള്‍ ഒഴുകി നടക്കുകയാണ്.
മാറമ്പള്ളിയിൽ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കി പുലർച്ചെ പുഴയിൽ തള്ളുകയാണെന്ന് നാട്ടുകാർ പറയുന്നു.
ശ്രീമൂലം പാലത്തിൽ നിന്ന് നിരവധി ചാക്കുകളിലായി പുഴയിലേക്കിടുകയാണ് പതിവെന്നും, പഞ്ചായത്ത് - ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പലതവണ പരാതി നൽകിയിട്ടും നടപടികള്‍ ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
പുഴയിൽ ഒഴുക്ക് കുറഞ്ഞതിനാൽ മാലിന്യച്ചാക്കുകള്‍ കുടിവെള്ള പമ്പ് സ്റ്റേഷന് സമീപം പുഴുവരിച്ച് ഒഴുകിനടക്കുകയാണ്. അതോടൊപ്പം പുതിയ മാലിന്യ ചാക്കുകൾ പുഴയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഒഴുക്കുള്ള ദിവസങ്ങളിൽ ഇവിടെ നിന്ന് ഒഴുകിപ്പോകുന്ന മാലിന്യങ്ങള്‍ ആലുവ പമ്പിങ് സ്റ്റേഷന് താഴെയാണെത്തുന്നത്.
also read: അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരില്‍ പിടിയിൽ
അനധികൃത അറവുശാലകൾ അടച്ചുപൂട്ടുകയും പാലത്തിന് സമീപം നിരീക്ഷണ ക്യാമറ വയ്ക്കുകയും പുലർച്ചെ പൊലീസ് പട്രോളിങ് ഏർപ്പെടുത്തുകയും ചെയ്യുകയാണ് പരിഹാരമെന്നാണ് ജനങ്ങളുടെ ഭാഗത്തുനിന്നുമുള്ള അഭിപ്രായം.
കഴിഞ്ഞ ദിവസം ജലസേചനത്തിനുള്ള പമ്പ് സ്റ്റേഷനിൽ മാലിന്യ ചാക്കുകൾ വന്നടിഞ്ഞതിനാൽ പമ്പിങ് നിലച്ചു. ഒടുവിൽ ജീവനക്കാർ കൂലിക്ക് ആളെ നിർത്തിയാണ് ചാക്കുകൾ നീക്കിയത്.