എറണാകുളം: പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് ഇതര സംസ്ഥാനക്കാരിയായ നാലു വയസുകാരിക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശിനിയുടെ മകൾ അസ്‌മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം.
കുഴിയിൽ വീണ ഉടൻ, കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്‌മിനിയുടെ മാതാവ് ഹുനൂബ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരി ആയിരുന്നു.
അമ്മയ്‌ക്കൊപ്പം കമ്പനിയിൽ എത്തിയതായിരുന്നു അസ്‌മിനി. അമ്മ ജോലിയിൽ ഏർപ്പെട്ട വേളയിൽ ഓടി കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു. പെരുമ്പാവൂർ സ്വദേശി ശിഹാബിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കുറ്റിപ്പാടത്തെ അപകടം നടന്ന പ്ലൈവുഡ് ഫാക്‌ടറി.
സംഭവത്തിൽ ഉടമയ്ക്കതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടകരമായ രീതിയിൽ മാലിന്യക്കുഴി തുറന്നു വച്ചതിൽ ഫാക്‌ടറി അധികൃതർക്ക് വീഴ്‌ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.