എറണാകുളം: പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാമത്തെ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം ഏഴ് പേരാണ് പ്രതികൾ. എറണാകുളം കലക്‌ട്രേറ്റിലെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരായ വിഷണു പ്രസാദ്, കാക്കനാട് സ്വദേശി മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻവർ, നിധിൻ, അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവർ, നീതു, ഷിന്‍റു മാർട്ടിൻ എന്നിവരാണ് കേസിലെ പ്രതികൾ.
പ്രളയ ദുരിത ബാധിതരായ ഗുണഭോക്താക്കൾക്കായി കലക്‌ടർ അനുവദിച്ച തുക കംപ്യൂട്ടർ രേഖകളിൽ തിരുത്തൽ വരുത്തി പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പിൽ പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെ ആരോപണം ഉയർന്നെങ്കിലും അതിനുള്ള തെളിവുകൾ കണ്ടെത്താൻ ആയിട്ടില്ല. സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സർവീസ് സഹകരണ ബാങ്കിന്‍റെ അക്കൗണ്ടിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കായി തുക എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
അയ്യനാട് സഹകരണ ബാങ്ക് ഗൂഢാലോചനയിൽ പങ്കാളിയല്ലെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതികൾ തട്ടിയെടുത്ത 27 ലക്ഷം രൂപയിൽ 10.58 ലക്ഷം രൂപ മാത്രമാണ് കണ്ടെടുക്കാൻ ആയത്. ബാക്കി തുക എവിടെ എന്നത് സംബന്ധിച്ച വിവരം പ്രതികളിൽ നിന്ന് ലഭിച്ചിട്ടില്ല.