എറണാകുളം: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട്(സിയാൽ) ചേർന്ന് തടാകങ്ങളിൽ സ്ഥാപിച്ച ഫ്ലോട്ടിംഗ് സൗരോർജ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു. ഇതോടെ സിയാലിന്‍റെ സൗരോർജ പദ്ധതികളുടെ മൊത്തം ശേഷി 40 മെഗാവാട്ടായി ഉയർന്നു.
അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാൽ വികസിപ്പിച്ചെടുത്ത ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ ഘടിപ്പിക്കുന്നത്. തുടർന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്‌പരം ബന്ധിപ്പിക്കുകയും തടാകങ്ങളിൽ നിക്ഷേപിക്കുകയും ചെയ്‌താണ് ഫ്ലോട്ടിംഗ് സൗരോർജ്ജ പ്ലാന്‍റ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. രണ്ട് കോടി രൂപയാണ് ചെലവ്. തറയിൽ ഘടിപ്പിക്കുന്ന പ്ലാന്‍റുകളേക്കാൾ കാര്യക്ഷമമാണ് ഫ്ലോട്ടിംഗ് പ്ലാന്‍റുകൾ. ഹരിതോർജ ഉത്‌പാദനത്തില്‍ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കാനും തുടർച്ചയായി പരീക്ഷണങ്ങളിൽ ഏർപ്പെടാനും കഴിയുന്നതുകൊണ്ടാണ് സിയാൽ ഈ നേട്ടം കൈവരിച്ചതെന്ന് മാനേജിങ് ഡയറക്‌ടർ വി.ജെ.കുര്യൻ പറഞ്ഞു. വൻകിട ഊർജ ഉപയോക്താക്കളായ വിമാനത്താവളങ്ങൾക്കും ഹരിതോർജം ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചതിനാൽ സിയാലിന് ഐക്യരാഷ്‌ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ചാമ്പ്യൻസ് ഓഫ് എർത്ത് ലഭിക്കുകയും ചെയ്‌തു. 130 ഏക്കർ വിസ്‌തൃതിയുള്ള സിയാൽ ഗോൾഫ് കോഴ്‌സ് സമ്പൂർണ സുസ്ഥിര മാനേജ്‌മെന്‍റ് പദ്ധതിയനുസരിച്ചാണ് പരിപാലിക്കുന്നത്.
വിമാനത്താവളത്തിലുള്ള മലിനജല ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലൂടെ ശുദ്ധീകരിച്ച ജലം ഇവിടുത്തെ ജലസംഭരണികളായ തടാകങ്ങളിലെത്തുകയും ഈ ജലം ഗോൾഫ് കോഴ്‌സിലെ പുൽത്തകിടി നനയ്ക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം 12 തടാകങ്ങൾ സിയാൽ ഗോൾഫ് കോഴ്‌സിലുണ്ട്. ഫ്രഞ്ച് കമ്പനിയായ സിയെൽടെറയുടെ സാങ്കേതിക സഹകരണത്തോടെയാണ് രണ്ടുതടാകങ്ങളിൽ സിയാൽ ഫ്ലോട്ടിംഗ് സൗരോർജ പ്ലാന്‍റ് സ്ഥാപിച്ചത്.