തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പുനരുപയോഗം സാധ്യമാവാത്ത പ്ലാസ്റ്റിക്ക് വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരിസ്ഥിതി സൗഹാർദമല്ലാത്ത വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾക്ക് രേഖാമൂലം നിർദേശം നല്‍കിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഗുരുതര പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന രാസവസ്തുവാണ്. ഇത് പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഫെബ്രുവരി 26ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികള്‍ക്ക് നൽകിയ നിർദേശം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെഫ്ലക്സുകൾക്കെതിരായ നിർദ്ദേശം നിലവിലുള്ളതിനാൽ, മറ്റ് അഭിപ്രായങ്ങൾ ആരായാതെ ഫ്ലക്സുകൾക്ക് നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. താരതമ്യേന അപകടം കുറവായ ജൈവ പ്ലാസ്റ്റിക്, പ്രകൃതിദത്തമായ തുണി, പുനരുപയോഗിക്കാവുന്ന കടലാസ് തുടങ്ങിയവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.