എറണാകുളം : ഒടിടി റിലീസിൽ നിയന്ത്രണം ശക്തമാക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയേറ്ററിൽ റിലീസ് ചെയ്‌ത് 42 ദിവസത്തിനുള്ളിൽ ഒടിടി പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളുടെ നിർമാതാക്കളുടെ അടുത്ത ചിത്രവുമായി സഹകരിക്കില്ല. അത്തരം ചിത്രങ്ങളിലെ നടീനടൻമാരുമായും, വിതരണക്കാരുമായും ഫിയോക് സഹകരിക്കില്ലെന്ന് പ്രസിഡന്‍റ് കെ വിജയകുമാർ പറഞ്ഞു. ഫിയോക്കിന്‍റെ വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒടിടി റിലീസുമായി ബന്ധപ്പെട്ട തങ്ങളുടെ തീരുമാനം അറിയിക്കാന്‍ എല്ലാ സംഘടനകൾക്കും കത്ത് നൽകും. ജനുവരി ഒന്ന് മുതൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനം നടപ്പാക്കും. ഒടിടി റിലീസിന് സമയപരിധി നിശ്ചയിക്കണമെന്ന ഫിയോക്കിന്‍റെ ആവശ്യത്തിൽ കേരള ഫിലിം ചേംബറിന്‍റെ തീരുമാനം നീണ്ടുപോവുന്നതിനാലാണ് തീരുമാനമെടുക്കുന്നത്.
ഒടിടി റിലീസിന്‍റെ പരിധി 56 ദിവസത്തിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫിയോക് പ്രസിഡന്‍റ് കെ.വിജയകുമാർ വ്യക്തമാക്കി. 'അവതാർ 2' റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞത് ഫിയോക്കിന്‍റെ ശക്തമായ ഇടപെടൽ കൊണ്ടാണ്. ചിത്രം റിലീസ് ചെയ്‌ത് ആദ്യത്തെ രണ്ടാഴ്‌ച തിയേറ്റര്‍ വരുമാനത്തിന്‍റെ 55 ശതമാനം നിർമാണ കമ്പനിക്ക് നൽകും.
തുടർന്നുള്ള രണ്ടാഴ്‌ച 50ഉം പിന്നീട് വരുന്ന രണ്ടാഴ്‌ച നാല്‍പത് ശതമാനവുമാണ് കമ്മിഷൻ നിശ്ചയിച്ചത്. പബ്ലിസിറ്റി കോൺട്രിബ്യൂഷൻ നൽകേണ്ടതില്ലെന്നാണ് തീരുമാനം. ഫിയോക്കിന്‍റെ കീഴിലുള്ള ഇരുന്നൂറ്റമ്പതോളം തിയേറ്ററുകളിലാണ് 'അവതാർ 2' റിലീസ് ചെയ്യുകയെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.