എറണാകുളം: രാജ്യത്തിന് സുരക്ഷയൊരുക്കുന്നതില്‍ പ്രധാനികളാണ് നാവിക,കര,വ്യോമ സേനാ വിഭാഗങ്ങൾ. ഈ മൂന്ന് സേനാവിഭാഗങ്ങളും ഒന്നിച്ച് കൈകോർക്കുമ്പോൾ ഉണ്ടാകുന്ന ശേഷി എത്രയാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. കര നാവിക വ്യോമ സേനാവിഭാഗങ്ങള്‍ ഒന്നിച്ചുചേർന്ന് "ടെക്നോളജി ഫോർ ട്രെയിനിങ്" എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് തുടക്കമായി. പരിശീലന പ്രദർശനം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
ആധുനിക കാലഘട്ടത്തിൽ സേനകൾക്ക് ഏറെ ഉപയോഗപ്രദമായ വെർച്വൽ റിയാലിറ്റി തുടങ്ങി വെടിക്കോപ്പുകളും അന്തർവാഹിനി ഉപകരണങ്ങളും ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ കഴിയുന്ന സെൻസറുകളും വരെ പ്രദർശനത്തിൽ കാണാൻ സാധിക്കും. പ്രതീകാത്മകമായി സൃഷ്ടിച്ചെടുക്കുന്ന യുദ്ധ പരിശീലനങ്ങൾ നൽകുന്ന പ്രക്രിയയാണ് വെർച്ചൽ ഓഗ്‌മെന്‍റഡ് റിയാലിറ്റി. ഇത്തരത്തിൽ ആധുനികമായി സജ്ജീകരിച്ചിട്ടുള്ള പരിശീലന രീതികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാവികസേന ദക്ഷിണ മേഖലാ മേധാവി വൈസ് അഡ്മിറൽ എ.കെ ചൗള, ആർമി ട്രെയിനിങ് കമാൻഡ് ചീഫ് ലെഫ്‌റ്റനന്‍റ് ജനറൽ പി.സി തിമ്മയ്യ, എയർ മാർഷൽ എ.എസ് ബുട്ടോല എന്നിവർ ചേർന്നാണ് പ്രദർശനത്തിന് തുടക്കം കുറിച്ചത്. പരിശീലന പ്രദർശനം ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളും ആശയങ്ങളും കൈമാറുവാൻ ഇത്തരം പ്രദർശനങ്ങളുടെ സാധിക്കുമെന്നും നാവികസേന ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറൽ എ.കെ ചൗള പറഞ്ഞു. കഴിഞ്ഞതവണ വ്യോമസേനയുടെ നേതൃത്വത്തിൽ ഹൈദരാബാദിലും അതിനുമുൻപ് കര സേനയുടെ നേതൃത്വത്തിൽ സിംലയിലുമാണ് സമാനമായ പ്രദർശനങ്ങൾ നടന്നിട്ടുള്ളത്.