എറണാകുളം : അങ്കമാലി അതിരൂപതയിലെ കുർബാന എകീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹാരത്തിലേക്ക് (Eucharist unification problems to be solved). സമവായ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും വിശ്വാസികളുടെ കൂട്ടായ്‌മയായ അല്‍മായ മുന്നേറ്റത്തിന്‍റെ ഭാരവാഹികൾ അറിയിച്ചു.
സിറോ മലബാർ സഭയുടെ ആസ്ഥാന രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ, വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് വർഷത്തോളമായി വിശ്വാസികളും, വൈദികരും പ്രക്ഷോഭത്തിലായിരുന്നു. സിറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായിരുന്ന ജോർജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു പ്രതിഷേധങ്ങൾ നടന്നത്. ഇതിനിടെയായിരുന്നു രണ്ട് വർഷം മുമ്പ് ജോർജ് ആലഞ്ചേരിയുട നേതൃത്വത്തിലുള്ള സിറോ മലബാർ സഭാ സിനഡ് കുർബാന ഏകീകരിക്കാൻ തീരുമാനമെടുത്തത്.
എന്നാൽ കഴിഞ്ഞ അര നൂറ്റാണ്ടോളമായി എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികർ ജനങ്ങൾക്ക് അഭിമുഖമായാണ് കുർബാന ചൊല്ലിയിരുന്നത്. ഇതിനുപകരമായി വൈദികൻ അൾത്താരയിലേക്ക് നോക്കി കുർബാന അർപ്പിക്കണമെന്ന നിർദേശം അതിരൂപതയിലെ വലിയൊരു വിഭാഗം വിശ്വാസികളും വൈദികരും തള്ളുകയായിരുന്നു.
വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ സിറോ മലബാർ സഭാ നേതൃത്വത്തിനെതിരെ പ്രതിഷേധത്തിലായിരുന്ന വിശ്വാസികളും, വൈദികരും കുർബാന ഏകീകരണ നിർദ്ദേശം തള്ളി പ്രക്ഷോഭം ശക്തമായി തുടരുകയായിരുന്നു. ഇത് നിരവധി തവണ ക്രമസമാധാന പ്രശ്നം വരെയായി മാറുകയുണ്ടായി. ഇതിനിടെ അതിരൂപതയിൽ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ആൻഡ്രൂസ് താഴത്തിനെ നിയോഗിച്ച് കുർബാന ഏകീകരണം നടത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് ബസലിക്കയിൽ സിനഡ് നിർദേശിച്ച കുർബാന നടപ്പിലാക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിക്കുകയും, പള്ളി ജില്ല ഭരണകൂടം ഇടപെട്ട് പൂട്ടുകയുമായിരുന്നു. ഇതിനിടെയായിരുന്നു വത്തിക്കാൻ പ്രശ്‌നത്തിൽ ഇടപെടുകയും ആർച്ച് ബിഷപ്പായിരുന്ന ജോർജ് ആലഞ്ചേരിക്ക് സിറോ മലബാർ സഭയുടെ നേതൃത്വം ഒഴിയേണ്ടി വരികയും ചെയ്‌തത്. ഇതോടെയാണ് ഏകീകൃത കുർബാനയെ എതിർക്കുന്ന വിശ്വാസികളും, വൈദികരും സമവായ ചർച്ചകൾക്കും വിട്ടുവീഴ്‌ചകൾക്കും തയ്യാറായത്.
മാർപാപ്പയുടെ പ്രതിനിധിയായി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി നടത്തിയ ചർച്ചയിലാണ് സമവായത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതനുസരിച്ച് കഴിഞ്ഞ രണ്ട് വർഷമായി അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കുകയും ക്രിസ്‌മസ് ചടങ്ങുകൾ നടത്തുകയും ചെയ്യും. തിരുപ്പിറവി ചടങ്ങിൽ മാത്രം ഏകീകൃത കുർബാന അർപ്പിക്കും. അതിരൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാനയ്ക്ക് നേതൃത്വം നൽകുക.
ALSO READ: അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണം: വൈദികർക്ക് ഭീഷണിക്കത്തുകൾ
മറ്റ് പള്ളികളിൽ വർഷത്തിലൊരിക്കൽ ഏകീകൃത കുർബാന അർപ്പിക്കും. മൈനർ സെമിനാരികളിൽ മാസത്തിൽ ഒരിക്കൽ ഏകീകൃത കുർബാനയർപ്പിക്കാനുമാണ് ധാരണയായത്. ഇതോടെ ദീർഘകാലമായി വിവാദ ഭൂമി ഇടപാട് വിവാദങ്ങളും, കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ശക്തമായിരുന്ന എറണാകുളം അങ്കമാലി അതിരൂപതയിൽ സമാധാനം പുലരുമെന്നാണ് സഭാവിശ്വാസികളും വൈദികരും പ്രതീക്ഷിക്കുന്നത്.