എറണാകുളം: വാസയോഗ്യമല്ലാത്തതിനെ തുടർന്ന് സ്വന്തം മണ്ണായ അറാക്കപ്പ് കോളനി വിട്ട് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദുരിതജീവിതം നയിക്കുന്ന ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ്, പ്രശ്‌ന പരിഹാരം ഉണ്ടാകുന്നത് വരെ ഒപ്പം നിൽക്കുമെന്ന് ഉറപ്പു നൽകി.
അടിസ്ഥാന സൗകര്യമില്ലാത്ത ഹോസ്റ്റലിൽ കാടിന്‍റെ മക്കളുടെ ജീവിതം ദുരിത പൂർണമാണ്. ഭക്ഷണവും കുടിവെള്ളവുമില്ല. ഇവരുടെ പ്രശ്‌നം പരിഹരിക്കാനും പുനരധിവസിപ്പിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാരിന്‍റെ ഭാഗത്തു നിന്ന് മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പൊന്നുവിളയുന്ന മണ്ണുപേക്ഷിച്ച് അറാക്കപ്പ് നിവാസികൾ
പിറന്ന മണ്ണും ഈറ്റ കുടിലുകളും ഉപേക്ഷിച്ച് കാടിറങ്ങി വന്ന ആദിവാസികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അറാക്കപ്പ് കോളനിയിൽ നിന്നുള്ളവരാണ് കഴിഞ്ഞ മാസം അഞ്ചിന് ഇടമലയാർ വൈശാലി ഗുഹയ്ക്കു സമീപം അഭയം പ്രാപിച്ചത്. മണ്ണിടിച്ചിലും വന്യമൃഗശല്യവുമാണ് ഊര് ഉപേക്ഷിക്കാൻ ഇവരെ നിർബന്ധിതരാക്കിയത്. തുടർന്ന് വൈശാലി ഗുഹക്ക് സമീപം ഇവർ കുടിൽ കെട്ടി താമസിക്കാൻ ഒരുക്കങ്ങൾ നടത്തി. എന്നാൽ വനം വകുപ്പ് അധികൃതർ അവരെ അവിടെ നിന്ന് ഒഴിപ്പിച്ചു.
12 കുടുംബങ്ങളിൽ നിന്നായി 39 പേരാണ് സംഘത്തിലുള്ളത്. 12 കുട്ടികളും 11 സ്ത്രീകളും ഉൾപ്പെടെയുള്ളവരെ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലേക്കാണ് മാറ്റിയിരിക്കുന്നത്. സർക്കാർ പതിച്ചു നൽകിയ ഭൂമി വാസയോഗ്യമല്ലാത്തതിനാൽ ഈ അഞ്ചേക്കർ സ്ഥലവും അതിലെ കൃഷിയും ഉപേക്ഷിച്ചാണ് ഇവർ പോന്നത്.
ALSO READ: കുട്ടമ്പുഴ അറാക്കപ്പ് ആദിവാസി പ്രശ്നം ; സർക്കാരിന്‍റേത് മനുഷ്യാവകാശ ലംഘനമെന്ന് യുഡിഎഫ്
കൂറ്റൻ മലയിടുക്കിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരുടെ പ്രധാന വരുമാന മാർഗം കൃഷിയായിരുന്നു. അടയ്ക്ക, കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയവ ഇവിടെ സമൃദ്ധിയായി വളർന്നിരുന്നു. ഇവ തലച്ചുമടായി മൂന്നര കിലോമീറ്റർ ചെങ്കുത്തായ മല കയറി ഇറങ്ങിയാലാണ് ഗതാഗത സൗകര്യമുള്ള റോഡിൽ എത്തുന്നത്. എന്നിരുന്നാലും പൊന്നുവിളയുന്ന മണ്ണിൽ ഇവർ പിടിച്ചു നിന്നു.
പ്രകൃതിക്ഷോഭവും വന്യജീവി ആക്രമണവും നിത്യസംഭവം
2018ലെ പ്രളയം മുതൽ അറാക്കപ്പ് ആദിവാസി ഊരിന്‍റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ഉരുൾപൊട്ടലും മണ്ണ് ഇടിച്ചിലും നിത്യസംഭവമായി. ഭൂമിയും വിളകളും വെള്ളപ്പാച്ചിലിൽ വ്യാപകമായി ഒലിച്ചു പോയി. ഒപ്പം കാട്ടുമൃഗങ്ങളുടെ ശല്യവും വർധിച്ചു. പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടവർ വരെ ഈ ക്യാമ്പിൽ ഉണ്ട്. കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നു മാത്രമല്ല ജീവന്‍റെ നിലനിൽപ്പ് പോലും അപകടത്തിലായതോടെയാണ് ഇവർ മലയിറങ്ങിയത്.
ALSO READ: സുരക്ഷിത താമസ സൗകര്യമില്ല ; വനത്തിൽ താമസിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച് അറാക്കപ്പ് നിവാസികൾ
ഈറ്റ ചങ്ങാടത്തിൽ എല്ലാം വാരി കെട്ടി ഡാമിലൂടെ 28 കിലോമീറ്റർ സഞ്ചരിച്ചാണ് ഇടമലയാർ വൈശാലി ഗുഹയ്ക്കു സമീപം എത്തിയത്. അറാക്കപ്പിൽ തങ്ങൾക്ക് അനുവദിച്ച ഭൂമി സർക്കാർ ഏറ്റെടുത്ത് അത്രയും ഭൂമി തങ്ങളുടെ പൂർവികർ താമസിച്ചിരുന്ന ഇടമലയാറിൽ നൽകണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.