എറണാകുളം: എറണാകുളം ജില്ലയിൽ നവകേരള സദസ് ഇന്ന് ആരംഭിക്കാനിരിക്കെ (Navakerala Sadas in Ernakulam) പരിപാടി നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് ഇന്നും നാളെയും (ഡിസംബർ ഏഴ്, എട്ട്) ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച്ചയും, എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിൽ വെള്ളിയാഴ്ച്ചയുമാണ് അവധി. ഗതാഗത തിരക്ക് മൂലം കുട്ടികൾക്കുണ്ടാക്കുന്ന യാത്ര ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് അവധി നൽകുന്നതെന്നും മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കുമെന്നും കലക്‌ടർ അറിയിച്ചു.
നവകേരള സദസിന് ഇന്ന് തുടക്കം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത നാല് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിൽ സന്ദര്‍ശനം നടത്തും. ഇതോടനുബന്ധിച്ച് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്‌ച നടത്തുന്ന പ്രഭാത യോഗവും നിയമസഭ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടക്കും. ഡിസംബര്‍ 7 ന് രാവിലെ 9ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പ്രഭാത യോഗം നടക്കുക. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ ബഹുജനസദസില്‍ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് 2ന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി മണ്ഡലത്തിലെ സെന്‍റ് ജോസഫ് ഹൈസ്‌കൂളിൽ നവകേരള സദസില്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍റ് പരിസരത്തും 5ന് പറവൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.
വെള്ളിയാഴ്‌ച രാവിലെ 9ന് പ്രഭാതയോഗം കലൂര്‍ ഐഎംഎ ഹൗസില്‍ ചേരും. വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളില്‍ നിന്നുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രാവിലെ 10 ന് വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ ജയ്ഹിന്ദ് ഗ്രൗണ്ടിലും ഉച്ചകഴിഞ്ഞ് 2ന് കൊച്ചി മണ്ഡലത്തിലെ ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടിലും വൈകിട്ട് 3.30ന് കളമശേരി മണ്ഡലത്തിലെ പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപവും വൈകിട്ട് 5ന് എറണാകുളം മണ്ഡലത്തിലെ മറൈന്‍ഡ്രൈവിലും നവകേരള സദസുകള്‍ സംഘടിപ്പിക്കും.
ശനിയാഴ്‌ച രാവിലെ 9ന് തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സെന്‍റ് മേരീസ് ചര്‍ച്ച് സിയോണ്‍ ഓഡിറ്റോറിയത്തില്‍ തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്ത്‌നാട് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി പ്രഭാതയോഗം ചേരും. തുടര്‍ന്ന് രാവിലെ 10ന് കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ തൃക്കാക്കര മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് 2ന് പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെയും വൈകിട്ട് 3.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം മണ്ഡലത്തിലെയും 5ന് കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ കുന്നത്തുനാട് മണ്ഡലത്തിലെയും നവകേരള സദസുകള്‍ സംഘടിപ്പിക്കും.
ഞായർ രാവിലെ 9ന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തില്‍ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴമണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും. തുടര്‍ന്ന് രാവിലെ 10ന് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് 2ന് ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ കോതമംഗലം മണ്ഡലത്തിലെയും 3.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെയും നവകേരള സദസുകളോടെവ എറണാകുളം ജില്ലയിലെ പര്യടനത്തിന് സമാപനമാകും. തുടർന്ന് ഇടുക്കി ജില്ലയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും.
നിവേദനങ്ങൾ നൽകാൻ സൗകര്യം:എല്ലാ മണ്ഡലങ്ങളിലും നവകേരള സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതൽ പൊതുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുവാന്‍ സൗകര്യം ഉണ്ടായിരിക്കും. 25 കൗണ്ടർ വീതമാണ് ഓരോ മണ്ഡലത്തിലും നിവേദനങ്ങൾ സ്വീകരിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നത്.
Also read: 'നവകേരള സദസ് സമ്പൂര്‍ണ പരാജയം, ജനങ്ങളുടെ പരാതിക്ക് പരിഹാരമാകുന്നില്ല': രമേശ് ചെന്നിത്തല