എറണാകുളം: ദുർമന്ത്രവാദത്തിന്‍റെ പേരിൽ രണ്ടു സ്ത്രീകളെ ഇലന്തൂരിൽ നരബലി നടത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതി ലൈല എന്നിവരെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം.
അതിക്രൂരമായി രണ്ട് സ്ത്രീകളെ നരബലി നടത്തിയ പ്രതികൾ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്‍റെ ആവശ്യം.
പ്രതികളെ പന്ത്രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിടുന്നതിനെ പ്രതിഭാഗം ശക്തമായി എതിർക്കും. മൂന്ന് പ്രതികളെയും ഈ മാസം ഇരുപത്തിയാറാം തിയതിവരെ ബുധനാഴ്‌ച റിമാൻഡ് ചെയ്‌തിരുന്നു. അതേസമയം ഇലന്തൂർ നരബലി കേസിൽ ഒരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
എറണാകുളം, പത്തനംത്തിട്ട ജില്ലകളിലെ സ്ത്രീകളുടെ തീരോധാന കേസുകളെ കുറിച്ചും പൊലീസ് പരിശോധിക്കും. ഇതിൽ കുടുതൽ സംശയകരമായ കേസുകളിൽ വിശദമായ പരിശോധന തന്നെ പൊലീസ് നടത്തിയേക്കും. കൊച്ചി ഡിസിപി എസ്.ശശിധരന്‍റെ നേതൃത്വത്തിലുള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.