എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിലെ (Karuvannur Service Co-Op Bank) കള്ളപ്പണ ഇടപാടിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). ബിനാമി വായ്‌പകൾ നല്‍കിയത് സിപിഎം ഉന്നത നേതാക്കളുടെ നിർദേശപ്രകാരമാണെന്നും ഉന്നത നേതാക്കൾ ബിനാമി ലോണുകൾക്കായി ഇടപെട്ടിരുന്നെന്നുമാണ് ഇഡിയുടെ റിപ്പോര്‍ട്ടിലുള്ളത് (ED Findings Against CPM- Party Controlled Loans in Karuvannur Bank). കരുവന്നൂർ കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരം പണവും വസ്‌തുവകകളും കണ്ടുകെട്ടിയ ഇഡിയുടെ കൊച്ചി സോൺ ഡെപ്യൂട്ടി ഡയറക്‌ടർ പ്രശാന്ത് കുമാറിന്‍റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടി നിർദേശിക്കുന്നവർക്ക് ലോണുകൾ നൽകാൻ സിപിഎമ്മിന് പൊളിറ്റിക്കൽ സബ് കമ്മിറ്റിയും, പാർലമെൻ്ററി കമ്മിറ്റിയുമുണ്ടായിരുന്നു. ഇങ്ങനെ അനുവദിക്കുന്ന ലോണുകൾക്കായി പ്രത്യേക മിനിട്‌സാണ് സൂക്ഷിച്ചിരുന്നത്. ബാങ്ക് മുൻ സെക്രട്ടറി ടി ആർ സുനിൽ കുമാർ, മുൻ മാനേജർ എം കെ ബിജു എന്നിവരുടെ മൊഴികളിലാണ് ബിനാമി ലോണുകളിലെ സിപിഎം ഇടപെടൽ വ്യക്തമാകുന്നതെന്നും സ്വത്ത് വകകൾ പിടിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെയും ബോർഡ് അംഗങ്ങളുടെയും ഒത്താശയോടെയാണ് വായ്‌പക്കാർ അനധികൃത വായ്‌പകൾ നേടിയെടുത്തത്. ബാങ്കിലെ ശമ്പളം വാങ്ങുന്ന ജീവനക്കാരെ നയിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചുമതലയുള്ള സെക്രട്ടറി തന്‍റെ ഉത്തരവാദിത്തത്തിൽ വീഴ്‌ച വരുത്തിയത് ഗുരുതരമായ ക്രമക്കേടുകൾക്കും തിരിമറികൾക്കും ഇടയാക്കി. കൃത്യമായ വസ്‌തു പരിശോധന നടത്താതെ ബാങ്ക് ജീവനക്കാരനായ ബിജു നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപയുടെ വായ്‌പകളിൽ ഭൂരിഭാഗവും ബാങ്കിൽ നിന്ന് അനുവദിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണത്തിനിടെ ഓഗസ്‌റ്റ് 22, 23 തീയതികളിൽ കിരൺ പി പി, റഹീം സി എം, ഷിജു എം കെ, എ സി മൊയ്‌തീൻ (A C Moideen), സതീഷ് കുമാർ പി, അനിൽ സുഭാഷ് എന്നിവരുടെ വാസസ്ഥലങ്ങളിലും തെരച്ചിൽ നടത്തി ഇവിടങ്ങളില്‍ നിന്ന് കുറ്റകരമായ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയതായി അറ്റാച്ച്മെന്‍റ് ഉത്തരവിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 57 കോടി രൂപയുടെ സ്വത്തു വകകൾ കൂടി കണ്ടുകെട്ടിയതോടെ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇതുവരെ 87 കോടി 75 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
ഒന്നാം പ്രതി സതീഷ് കുമാറിൻ്റെയും, ഭാര്യ ബിന്ദുവിൻ്റെയും 46 അക്കൗണ്ടുകൾ ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. 24 വസ്‌തുവകകൾ കണ്ടു കെട്ടി. കേസിലെ മൂന്നാം പ്രതിയും സിപിഎം കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ്റെ (PR Aravindakshan) നാല് അക്കൗണ്ടുകൾ മരവിപ്പിച്ചു. അരവിന്ദാക്ഷൻ്റെ എസ്ബിഐ അക്കൗണ്ടിലൂടെ 2014-2018 കാലഘട്ടത്തിൽ 66 ലക്ഷം രൂപയുടെ ഇടപാടുകളും, പെരിങ്ങണ്ടൂർ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടി രൂപയുടെ ഇടപാടും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
നാലാം പ്രതി സി കെ ജിൽസിൻ്റെ മൂന്ന് വസ്‌തുവകകളും കണ്ടുകെട്ടി. വായ്‌പ തിരിച്ചടക്കാത്തവരടക്കം 35 പേരുടെ സ്വത്ത് കണ്ടു കെട്ടിയിട്ടുണ്ട്. നേരത്തെ 30 കോടി രൂപയുടെ സ്വത്തുവകകൾ പിടിച്ചെടുത്തിരുന്നു. ബാങ്ക് തട്ടിപ്പ് കേസിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.