എറണാകുളം: അമ്മയാണ് എല്ലാം... മാതൃദിനത്തില്‍ സ്വന്തം അമ്മയയെ അനുസ്മരിച്ചാണ് കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ സംസാരിച്ച് തുടങ്ങിയത്. അമ്മമാരെ പൂർണമായും ഉൾക്കൊള്ളുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ശാരദ ടീച്ചർ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമ്മയെന്നാൽ സ്നേഹമാണെന്നും പുതിയ കാലത്തെ ചില അമ്മമാരുടെ ക്രൂരതകൾ മനസിനെ വേദനിപ്പിക്കാറുണ്ടെന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.
തിരക്കു പിടിച്ച സഖാവിന്‍റെ ഭാര്യയായി ജീവിക്കുമ്പോൾ മുഴുവൻ പിന്തുണയും നൽകിയത് അമ്മയായിരുന്നു. ആ സ്നേഹവും കരുതലും നായനാർക്ക് തന്‍റെ അമ്മയോട് ഉണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് മാതൃസ്നേഹം വേണ്ടയളവിൽ കിട്ടുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. അമ്മമാർ ജോലിക്കും കുട്ടികൾ പ്ലേ സ്കൂളിലുമാകുമ്പോൾ ഇത് സ്വാഭാവികമാണ്. ആരെയും കുറ്റം പറയാൻ കഴിയില്ല. താൻ ജോലിക്ക് പോയിരുന്ന കാലത്ത് ഉച്ചസമയത്ത് വീട്ടിൽ വന്ന് മക്കളെ മുലയൂട്ടിയിരുന്നുവെന്ന് ടീച്ചർ ഓർമിക്കുകയാണ്.
കുട്ടികളോട് അമ്മമാർ ക്രൂരത കാണിച്ച ചില വാർത്തകൾ അറിഞ്ഞ് ആശ്ചര്യപ്പെടാറുണ്ട്. മക്കളോട് ക്രൂരത കാണിക്കുന്നവർ അമ്മയല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും കുലുങ്ങാത്ത സഖാവ് നായനാർ അമ്മയെ കുറിച്ച് പറയുമ്പോൾ പതറി പോകാറുണ്ട്. അമ്മയെ കുറിച്ച് പറയുമ്പോൾ കണ്ണുനീരൊഴുകുന്നത് കാണാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ അമ്മയെ നഷ്‌ടമായതിനാൽ സഖാവിന് അമ്മയെന്നത് എപ്പോഴും വേദന നിറഞ്ഞ ഓർമയായിരുന്നു. കൊവിഡ് കാലത്ത് സ്വന്തം മക്കളെ പിരിഞ്ഞ് സേവനം ചെയ്യുന്ന നഴ്‌സുമാരായ അമ്മമാരെ പ്രത്യേകം ഓർമ്മിക്കുകയാണ്. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ അർപ്പിക്കുന്നതായും ശാരദ ടീച്ചർ പറഞ്ഞു.
ഇളയ മകൻ വിനോദിനും കുടുംബത്തിനുമൊപ്പം കൊച്ചിയിലെ വീട്ടിലാണ് നായനാരുടെ ഭാര്യ ശാരദ ടീച്ചർ താമസിക്കുന്നത്. കൊവിഡ് കാലത്ത് പലർക്കും അമ്മയെ കാണാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. എന്നാർ അമ്മയുടെ സാമീപ്യമാണ് സന്തോഷം പകരുന്നതെന്ന് മകൻ വിനോദും പറഞ്ഞു.