എറണാകുളം: കൊച്ചിനഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി 90 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ്. ഡിംസബര്‍ മുപ്പത്തിയൊന്നിനകം പദ്ധതിയുടെ അന്തിമ രൂപരേഖ പൂര്‍ത്തിയാകുമെന്നും കലക്ടർ അറിയിച്ചു. വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയിലുള്ള പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉള്‍പ്പെട്ട ജലനിര്‍ഗമന മാര്‍ഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്നത് പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങള്‍ കണ്ടെത്തും. ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്കരിക്കുക.
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോര്‍പ്പറേഷന്‍, റവന്യൂ, സര്‍വെ, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ സെല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.
വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാര്‍ട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയില്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ ഇടപെടാന്‍ സാധിക്കില്ല.