എറണാകുളം : ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ദിഖിന്‍റെ ആരോഗ്യ നില ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തും. തുടർന്ന് ആരോഗ്യാവസ്ഥ സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിക്കും. തുടർ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ മെഡിക്കൽ ബോർഡ് യോഗത്തിൽ തീരുമാനിക്കും.
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സിദ്ദിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധയെ തുടർന്ന് ദീർഘ നാളായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. കരൾ രോഗം കുറഞ്ഞ് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.
ഇതോടെയാണ് സിദ്ദിഖിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കരൾ രോഗ ബാധയോടൊപ്പം ന്യുമോണിയ ബാധിച്ചതും ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടൊപ്പം ഹൃദായാഘാതം സംഭവിച്ചതും ആരോഗ്യാവസ്ഥ സങ്കീർണമാക്കി.
വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സുഹൃത്തുക്കൾ : അതേസമയം സിദ്ദിഖ് അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായ നടൻ പ്രശാന്ത് കാഞ്ഞിരമറ്റവും, സംവിധായകൻ ജോസ് തോമസും കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് വ്യക്‌തമാക്കിയിരുന്നു.
ഇപ്പോൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തരത്തിലൊന്നുമില്ലെന്ന് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം പ്രതികരിച്ചു. മെഡിക്കല്‍ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയ ശേഷമേ എന്തെങ്കിലും വിവരം പറയാൻ സാധിക്കുകയുള്ളൂ. നിലവില്‍ സിദ്ദിഖിന് ഗുരുതരമായ പ്രശ്‌നങ്ങൾ ഇല്ലെന്നും പ്രശാന്ത് കാഞ്ഞിരമറ്റം വ്യക്‌തമാക്കി
സിദ്ദിഖ് ഇപ്പോഴും നല്ല ആരോഗ്യ സ്ഥിതിയിലാണ് തുടരുന്നതെന്ന് സംവിധായകൻ ജോസ് തോമസും പറഞ്ഞു. ആശുപത്രിയിലെത്തി ഡോക്‌ടർമാരുമായി താൻ സംസാരിച്ചിരുന്നുവെന്നും ഇനിയും പ്രതീക്ഷയുണ്ടെന്ന് തന്നെയാണ് ഡോക്‌ടർമാർ പറയുന്നതെന്നും ജോസ് തോമസ് പറഞ്ഞു. അദ്ദേഹം നല്ല രീതിയില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
ALSO READ : 'അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുത്'; സിദ്ദിഖിന്‍റെ ആരോഗ്യനിലയിൽ പ്രതികരിച്ച് സഹപ്രവർത്തകർ
വളരെ സീരിയസാണെന്ന തരത്തിലുള്ള വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. അവിടുന്നും ഇവിടുന്നും കേട്ടിട്ട് പറയുന്നവർ ഒരുപാടുപേരുണ്ട്. ആദ്യമാരാണ് വാർത്ത എത്തിക്കുക എന്നൊരു മത്സരം നടക്കുന്നുണ്ടല്ലോ. അവിടുന്നാണ് ഇതെല്ലാം പൊട്ടിപ്പുറപ്പെടുന്നതെന്നും ജോസ് തോമസ് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസം സിദ്ദിഖിന്‍റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിയിരുന്നു. സഹപ്രവർത്തകരായ ലാൽ, ബി ഉണ്ണികൃഷ്‌ണൻ, റാഫി എന്നിവരും സിദ്ദിഖിനെ സന്ദർശിച്ചിരുന്നു.