എറണാകുളം : ട്വന്‍റി 20 സംഘടനയുമായി ധാരണയുണ്ടാക്കുന്നതിന്‍റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ കൊച്ചിയിലെത്തി. ഞായറാഴ്‌ച കൊച്ചിയിൽ ട്വന്‍റി 20 യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജനസംഗമത്തിൽ കെജ്‌രിവാൾ പങ്കെടുക്കും. വൈകിട്ട് 4 മണിക്ക് കിഴക്കമ്പലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റും, ഗോഡ്‌സ് വില്ലയും കെജ്‌രിവാൾ സന്ദർശിക്കും. 5 മണിക്ക് കിറ്റക്‌സ് ഗാർമെന്‍റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്വന്‍റി 20 ജനസംഗമത്തില്‍ അദ്ദേഹം സംസാരിക്കും.
തുടര്‍ന്ന് രാത്രി 9 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും. എറണാകുളം ജില്ലയിൽ നാല് പഞ്ചായത്തുകളിൽ ഭരണം നടത്തുന്ന ട്വന്‍റി 20, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ആം ആദ്‌മി പാർട്ടിയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. നേരത്തെ എഎപിയുടെ സ്ഥാനാർഥിയെ ട്വന്‍റി 20 പിന്തുണയ്ക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രധാന്യമില്ലെന്ന് വിലയിരുത്തി മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഇടത് വലത് മുന്നണികളും ബി.ജെ.പിയും തൃക്കാക്കരയിൽ ട്വന്‍റി 20 വോട്ടിൽ കണ്ണുവയ്ക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കെജ്‌രിവാൾ നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട്. ട്വന്‍റി 20യുമായി സഹകരിച്ച് കേരളത്തിൽ ചുവടുറപ്പിക്കുകയെന്ന തന്ത്രമാണ് എഎപി പരീക്ഷിക്കാനാരുങ്ങുന്നത്.