എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ വീട്ടിൽ പരിശോധന നടത്തി കസ്റ്റംസ്. 10 വിദേശ നിർമിത വാഹനങ്ങളുടെ രേഖകൾ കസ്റ്റംസ് ശേഖരിച്ചുവെന്നാണ് വിവരം. പുറമെ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌തതായി പറയപ്പെടുന്ന വസ്‌തുക്കളുടെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചു.
ഇതുമായി ബന്ധപ്പെട്ട് മോൻസണിന് കസ്റ്റംസ് നോട്ടിസ് കൈമാറും. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരും വീട്ടില്‍ പരിശോധനയ്‌ക്കെത്തി. ആനക്കൊമ്പ് ഉൾപ്പെടെയുള്ളവയുടെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയത്. പ്രതിയുടെ ജാമ്യാപേക്ഷ എ.സി.ജെ.എം കോടതി തള്ളി. ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തു.
വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച്
ഉന്നത ബന്ധങ്ങളുള്ള പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ പരിഗണിച്ച് മോൻസൺ മാവുങ്കലിനെ മുപ്പതാം തിയ്യതി വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പുനടത്താനായി തയ്യാറാക്കിയ വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രാവിലെ പതിനൊന്നര മണിയോടെ കോടതിയിൽ ഹാജരാക്കുന്നതിന്‍റെ മുന്നോടിയായി വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കലൂരിലെ തട്ടിപ്പിന്‍റെ കേന്ദ്രമായി പ്രവർത്തിച്ച വീട്ടിലും, ആലപ്പുഴയിലും, പുരാവസ്‌തുക്കളുടെ വ്യാജ മാതൃകകൾ നിർമിച്ച കേന്ദ്രങ്ങളിലും പ്രതിയെ തെളിവെടുപ്പിനായി എത്തിയ്ക്കും.