എറണാകുളം: സംസ്ഥാന പൊലീസ് സേനയിലെ കുഴപ്പക്കാരെ കണ്ടെത്തുന്നതിൽ സർക്കാരിനും ആഭ്യന്തര വകുപ്പിനും വീഴ്‌ചയുണ്ടാവുന്നുവെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. പൊലീസിലെ ചില സുപ്രധാന പദവികളിൽ കുഴപ്പക്കാർ കടന്നുകൂടിയിട്ടുണ്ട്. ചിലർ എൽഡിഎഫ് സർക്കാർ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. ഇത് സമൂഹത്തിൽ പൊലീസിന്‍റെയും സർക്കാരിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും പ്രതിഛായ മോശപ്പെടുത്താൻ ഇടയാക്കുമെന്നും പ്രതിനിധികൾ വിമർശിച്ചു.
ഇത്തരക്കാരെ കണ്ടെത്തി നിയന്ത്രിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തിയായിരുന്നു പ്രതിനിധികളുടെ വിമർശനം.
ALSO READ: സിപിഎം നയരേഖ: എൽഡിഎഫിൽ ചർച്ച ചെയ്‌താല്‍ അഭിപ്രായം പറയാമെന്ന് കാനം രാജേന്ദ്രൻ
പാർട്ടി സഖാക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിലും രക്തസാക്ഷികളുടെ കൊലപാതകത്തിലും പൊലീസ് എഫ്‌ഐആർ റിപ്പോർട്ട് ഉൾപ്പടെ ആരുടെയോ താത്പര്യത്തിന് വഴങ്ങി സത്യം മൂടി വയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. തിരുവല്ലയിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമല്ലെന്ന പൊലീസിന്‍റെ ആദ്യ റിപ്പോർട്ടും ഇതിന്‍റെ ഭാഗമാണെന്ന് ചില പ്രതിനിധികൾ പരോക്ഷമായി കുറ്റപ്പെടുത്തി.
പൊലീസിൽ ആർഎസ്എസ് സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പരാമർശവും അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനം പാർട്ടി ഏറെ ഗൗരവത്തോടെയാവും കാണുക. പ്രതിനിധികളുടെ വിമർശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഉപരി കമ്മിറ്റിക്ക് വേണ്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയും.