എറണാകുളം: കൊച്ചി പനമ്പിള്ളി നഗറിൽ കനാലില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവം ചർച്ചയായതോടെ വിഷയത്തില്‍ ഇടപെട്ട് കോർപറേഷൻ. ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ച് അടിയന്തരമായി സംരക്ഷണ വേലി നിർമിക്കുന്നതാണ് ഉചിതമെന്ന് കോർപറേഷനെ അറിയിച്ചു. അതോടൊപ്പം കലുങ്കിനോട് ചേർന്ന് കനാല്‍ തുറന്ന് കിടക്കുന്ന ഭാഗത്ത് കോർപറേഷൻ ജീവനക്കാരനെത്തി അപായ സൂചന നൽകുന്ന റിബൺ കെട്ടുകയും ചെയ്‌തു.
അതേസമയം അമ്മയോടൊപ്പം നടന്നു പോകുകയായിരുന്ന മൂന്നു വയസുകാരൻ കലുങ്കിന്‍റെ ഒരു വശത്തായി കെട്ടി ഉയർത്തിയ ഭാഗത്ത് കാൽ തട്ടി കനാലിലേക്ക് പതിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. കൂടെയുണ്ടായിരുന്ന അമ്മ അലറി കരഞ്ഞ് കനാലിലേക്ക് ഇറങ്ങി കുഞ്ഞിനെ രക്ഷിക്കുന്നതും സമീപത്തുണ്ടായിരുന്ന യുവാക്കൾ സഹായിക്കാനായി ഓടിയെത്തുന്നതും കുഞ്ഞ് കരയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വ്യാഴാഴ്‌ച രാത്രി എട്ടോടെയാണ് അപകടം സംഭവിച്ചത്.
മെട്രോ ഇറങ്ങി അമ്മയ്‌ക്കൊപ്പം നടന്ന് പോകുന്നതിനിടെയാണ് ഓവുചാലിന്‍റെ വിടവിലേക്ക് മൂന്ന് വയസുകാരൻ വീണത്. കനാലിലെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ അമ്മ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെങ്കിലും മലിന ജലം ഉള്ളിലെത്തിയതിനാൽ കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്.