എറണാകുളം: വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ള ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഉടൻ തീരുമാനം. ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രനാണ് ഇക്കാര്യമറിയിച്ചത്. ദിലീപിന്‍റെ ഫോണിലെ ഡാറ്റ മാറ്റാൻ ഉപയോഗിച്ച ഐ മാക് കമ്പ്യൂട്ടര്‍ കസ്റ്റഡിയിൽ എടുത്തു.
ആരോപണ വിധേയനായ സൈബർ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ ഭാര്യ നടത്തുന്ന സ്ഥാപനത്തിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം, കൊവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സായ് ശങ്കർ സമയം ആവശ്യപ്പെട്ടു. 10 ദിവസത്തെ സമയം വേണമെന്നാണ് ആവശ്യമെന്നും എസ്.പി മോഹന ചന്ദ്രൻ വ്യക്തമാക്കി.
നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാതെ രാമന്‍ പിള്ള
ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിനെ ദിലീപ് ഫോൺ ചെയ്‌തത് അന്വേഷിക്കുന്നുണ്ടെന്നും എസ്.പി അറിയിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി രാമൻപിള്ള മൊഴി മാറ്റാൻ വാഗ്‌ദാനങ്ങള്‍ നൽകിയെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി വെളിപ്പെടുത്തിയതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അഭിഭാഷകനെന്ന പരിരക്ഷയുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രാമന്‍പിള്ള മറുപടി നൽകി.
ALSO READ: കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം
രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയതിനെതിരെ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനും, ബാർ കൗൺസിലും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അതിജീവിത, രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർ പ്രതികളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ബി രാമൻപിള്ളയെ ചോദ്യം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.