എറണാകുളം അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പൻ. തെരുവു നായ്ക്കളെ കൊന്ന സംഭവുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. രഞ്ജിനി ഹരിദാസ് , അക്ഷയ് രാധാകൃഷ്ണൻ എന്നിവർക്കെതിരെ ദളിത് പീഡന നിരോധന നിയമം ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
Read More: തൃക്കാക്കരയിൽ തെരുവുനായകളെ കൊന്ന കേസ് : മൂന്ന് പേര്‍ പിടിയില്‍
സാമൂഹ്യ പ്രവർത്തകയായ തന്നെ മോശമായി ചിത്രീകരിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും പരാതിക്കാരി ചൂണ്ടികാണിക്കുന്നു. തന്‍റെ ചിത്രം അടക്കം ഉപയോഗിച്ച് അപകീർത്തികരമായ രീതിയിൽ പ്രചാരണം നടത്തുകയാണ്. നൂറിൽപരം നയ്ക്കളെ കൊന്ന സ്ത്രീയെന്ന രീതിയിലാണ് പ്രചാരാണം നടത്തുന്നത്. നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്യുകയും, മോശമായി പ്രതികരിക്കുകയും ചെയ്യുന്നത്. സാമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് നഗരസഭാ അധ്യക്ഷ പരാതി നല്‍കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയത്. തുടർന്ന് രഞ്ജിനിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം മൃഗസ്‌നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. നഗരസഭയ്ക്കെതിരെ രൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചിരുന്നത്. അതേസമയം തെരുവ് നായ്ക്കളെ കൊന്ന സംഭവത്തിൽ പിടിയിലായ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാറിനെ പൊലീസ് പ്രതി ചേർത്തിരുന്നു.
ഇതേ തുടർന്ന് സജികുമാർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നഗരസഭ അധ്യക്ഷ, സെക്രട്ടറി എന്നിവരുടെ അറിവോടെയാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്ന് അറിയിച്ചിരുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയാണന്നും നായ്ക്കളെ കൊല്ലാൻ നഗരസഭ തീരുമാനിച്ചിട്ടില്ലന്നുമാണ് നഗരസഭ അധ്യക്ഷയുടെ വിശദീകരണം.