എറണാകുളം : ജില്ലയിൽ പാര്‍ട്ടി പരിപാടിക്കിടെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി (Clashes in IUML Ernakulam district meeting). ലീഗിന്‍റെ ജില്ല കമ്മിറ്റി ഓഫിസില്‍ വച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകർ ഏറ്റുമുട്ടിയത്. ജില്ല കമ്മിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ ലീഗ് ജില്ല പ്രസിഡന്‍റ് ഹംസ പാറക്കാടിന്‍റെ പ്രസംഗത്തെ തുടർന്നാണ് പ്രശ്‌നങ്ങളുണ്ടായത്.
യൂത്ത് ലീഗ് മഹാറാലിയുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രവർത്തക കൺവെൻഷൻ വിളിച്ചുചേർത്തത്. മുസ്ലിം ലീഗിൽ (Muslim League) ഗ്രൂപ്പ് പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് സംഘർഷം (IUML meeting clash). യോഗത്തില്‍ യൂത്ത് ലീഗ് സംസ്ഥാന, ജില്ല നേതാക്കള്‍ പങ്കെടുത്തിരുന്നു.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ഹംസ പാറക്കാട് ഇതുമായി ബന്ധപ്പെട്ട് വിശദീകരണത്തിന് ശ്രമിക്കവെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബഹളം തുടങ്ങിയത്. ഇതിനിടെ വേദിയിൽ നിന്നും ഒരാൾ പിന്നിലൂടെ വന്ന് ഹംസ പാറക്കാടില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. കൂടാതെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്‌തു.
ഇതോടെ പരിപാടി നിർത്തിവച്ചു. മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഓഫീസ് നിര്‍മ്മാണവുമായി (Financial fraud) ബന്ധപ്പെട്ട് ഹംസയ്‌ക്കെതിരെ മുന്‍ ജില്ല കമ്മിറ്റി അംഗങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ജില്ലയില്‍ അഹമ്മദ് കബീര്‍- ഇബ്രാഹിംകുഞ്ഞ് വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് രൂക്ഷമാണ്.
Also read: ലീഗ് ബന്ധം; 'മുഖ്യമന്ത്രിയുടേത് സദുദ്ദേശം, സംശയ ദൃഷ്‌ടിയില്‍ കാണണ്ട': ഇ പി ജയരാജന്‍
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിൽ നിന്നും ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ പരാജയപ്പെടുന്നതിനും ഗ്രൂപ്പ് പോര് കാരണമായിരുന്നു. പ്രവർത്തകരും നേതാക്കളും തമ്മിലുള്ള ഗ്രൂപ്പ് പോര് ഇപ്പോഴും ശക്തമാണെന്ന് തെളിയിക്കുന്നതാണ് ജില്ല ഓഫീസിലെ പ്രവർത്തകരുടെ കയ്യാങ്കളി.