എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുരുക്കി, നടന്‍റെ മുന്‍ ജോലിക്കാരന്‍ ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല സ്വദേശി ദാസന്‍ മൊഴി നല്‍കിയത്. 2007 മുതൽ 2020വരെ ദിലീപിന്‍റെ വീട്ടിൽ വാച്ച്മാനായാണ് ദാസൻ ജോലി ചെയ്‌തത്.
ഈ സമയത്താണ് സംവിധായകൻ ബാലചന്ദ്രകുമാറിനെ പരിചയപ്പെടുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്താൻ പോവുകയാണെന്ന് സംവിധായകന്‍ തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഇത് ദിലീപിനെ അറിയിക്കണമെന്ന് ഏല്‍പ്പിച്ചിരുന്നുവെന്നും ദാസൻ മൊഴി നൽകി. ദിലീപ് അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ദാസന്‍ വെളിപ്പെടുത്തി. പൊലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ വിലക്കിയെന്ന് ഇയാള്‍ വിശദീകരിച്ചു.
ബാലചന്ദ്രകുമാർ ഫോണിൽ ബന്ധപ്പെട്ട കാര്യങ്ങൾ പറയരുതെന്ന് അനൂപ് വിളിച്ച് പറഞ്ഞിരുന്നു. അനൂപാണ് അഭിഭാഷകന്‍റെ അടുത്തേക്ക് രണ്ട് തവണ തന്നെ കൂട്ടിക്കൊണ്ടുപോയത്. അപ്പോഴെല്ലാം ക്രൈംബ്രാഞ്ച് എന്താണ് ചോദിച്ചതെന്നും ബാലചന്ദ്രകുമാറിനെക്കുറിച്ച് വല്ലതും പറഞ്ഞോ എന്നുമെല്ലാം അഭിഭാഷകര്‍ ചോദിച്ചു. ഭയം മൂലം താനൊന്നും പറഞ്ഞില്ലെന്നാണ് മറുപടി നല്‍കിയത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംഭവങ്ങള്‍ നടന്നതെന്നും ദാസന്‍ പറയുന്നു.
ദിലീപിന്‍റെ സഹോദരീഭര്‍ത്താവായ സുരാജ് ഒരിക്കല്‍ ഫോണില്‍ വിളിച്ച് പള്‍സര്‍ സുനി ജയിലില്‍ നിന്നിറങ്ങട്ടെ, കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞത് നേരിട്ട് കേട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ ബാലചന്ദ്രകുമാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ദാസന്‍റെ മൊഴിയിലുണ്ട്. ബാലചന്ദ്രകുമാറുമായി ദിലീപിന് അടുത്ത ബന്ധമാണുളളതെന്നും ബാലുഭായി എന്നാണ് അദ്ദേഹം വിളിച്ചിരുന്നതെന്നും ദാസന്‍ പറയുന്നു. ദാസൻ ദിലീപിന്‍റെ വീട്ടിലെ വാച്ചറായിരുന്ന കാലയളവിലാണ് നടി ആക്രമിക്കപ്പെടുന്നതും വധഗൂഢാലോചന നടന്നതും. അതിനാല്‍ ദാസന്‍റെ മൊഴിയും കേസില്‍ ഏറെ നിര്‍ണായകമാണ് .