എറണാകുളം : ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതിക വിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എറണാകുളം മരട് സ്വദേശി നല്‍കിയ പരാതിയിലാണ് സുപ്രധാന ഉത്തരവ് (Ernakulam District Consumer Disputes Redressal Commission).
24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്കും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാമെന്നും കമ്മിഷന്‍ പറഞ്ഞു. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ സർക്കുലറും കോടതി പരിഗണിച്ചു. പരാതിക്കാരന്‍റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായും കമ്മിഷന്‍ കണ്ടെത്തി (Health Insurance).
പോളിസി ഉടമയ്‌ക്ക് സേവനം നല്‍കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്‌ട പരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദേശം നല്‍കി. നഷ്‌ട പരിഹാരമായി 57,720 രൂപ നല്‍കാനാണ് ഉത്തരവ്. തുക 30 ദിവസത്തിനകം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്‍റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കമ്മിഷനിലെത്തിയ പരാതി : എറണാകുളം സ്വദേശിയായ ജോണ്‍ മില്‍ട്ടനാണ് പരാതിയുമായി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. എറണാകുളം ഗിരിധര്‍ ആശുപത്രിയില്‍ വച്ച് മില്‍ട്ടന്‍റെ മാതാവിന്‍റെ ഇടത് കണ്ണിന്‍റെ ശസ്‌ത്രക്രിയ ചെയ്‌തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത് കൊണ്ട് തന്നെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ല.
ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഉടന്‍ തന്നെ രോഗിയായ മാതാവിനെ ഡിസ്‌ചാര്‍ജും ചെയ്‌തു. ചികിത്സയ്‌ക്ക് പിന്നാലെ ആശുപത്രിയില്‍ ചെലവായ തുക ലഭിക്കുന്നതിന് വേണ്ടി മില്‍ട്ടണ്‍ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. എന്നാല്‍ 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് അനുവദിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചു. 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തത് കൊണ്ട് ഒപി ചികിത്സയായി കണക്കാക്കിയാണ് കമ്പനി ഇന്‍ഷുറന്‍സ് നിരസിച്ചത്. ഈ സാഹചര്യത്തിലാണ് പോളിസി ഉടമ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.