എറണാകുളം: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എഫ്‌ഐആർ റദ്ദാക്കാനാവശ്യപ്പെട്ട് സാബു ജേക്കബ് നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്‍റെ നടപടി. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബദറുദ്ദീൻ പിന്മാറിയിരുന്നു.
ALSO READ| സാബു ജേക്കബിനെതിരായ ശ്രീനിജന്‍ എംഎല്‍എയുടെ പരാതി : മൊഴിയെടുക്കാന്‍ പൊലീസ്
പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിൽ സാബു എം ജേക്കബിന്‍റെ വാദം. ഇക്കഴിഞ്ഞ കർഷക ദിനത്തിൽ ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. എംഎൽഎയുമായി വർഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്നും ഈ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഹർജിയിൽ ആരോപണമുണ്ട്.
ശ്രീനിജന്‍റെ പരാതിയിൽ ഐക്കരനാട് പഞ്ചായത്ത് അധ്യക്ഷ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് പുത്തൻകുരിശ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.