എറണാകുളം: ഹൈടെക് വാഹന മോഷണ സംഘം കൊച്ചിയില്‍ പിടിയില്‍. ഒഎൽഎക്‌സ് ആപ്പിലൂടെ വില്‍ക്കുന്ന വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ച് അതേ വാഹനം മോഷ്‌ടിക്കുന്ന മൂന്നംഗ സംഘമാണ് പാലാരിവട്ടം പൊലീസിന്‍റെ പിടിയിലായത്. പരപ്പനങ്ങാടി സ്വദേശി ഇക്ക്ബാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാഹില്‍, ശ്യാം മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ഫെബ്രുവരി എട്ടിനാണ് തിരുവനന്തപുരം സ്വദേശി വിജിൻ കാര്‍ വില്‍പ്പനയ്ക്ക് എന്ന പരസ്യം കണ്ട് ഇവരെ ബന്ധപ്പെടുന്നത്. അതേ ദിവസം തന്നെ കോഴിക്കോട് വെച്ച് പണം വാങ്ങി കാര്‍ കൈമാറുകയും ചെയ്‌തു. പിന്നീട് കാറുമായി വിജിന്‍ നാട്ടിലേക്ക് മടങ്ങും വഴി കൊച്ചിയിൽ ദേശീയ പാതയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വാഹനം നിർത്തി. ഈ സമയം പാര്‍ക്കിങ് ഏരിയയിൽ നിന്ന് കാറുമായി മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നു. വില്‍പ്പനയ്ക്ക് മുന്‍പ് കാറില്‍ ജിപിഎസ് ഘടിപ്പിക്കുകയും പിന്നീട് രഹസ്യമായി പിന്തുടരുന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കാറുമായി കടക്കും ഇതാണ് രീതി. കാര്‍ മോഷ്‌ടിച്ച ശേഷം പ്രതികള്‍ ബെംഗളൂരുവിലേക്ക് കടന്നു.
Also Read: എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണം ; കവര്‍ന്നത് 20 ലക്ഷം രൂപ
ഇതേ കാര്‍ കഴിഞ്ഞ ജനുവരിയില്‍ കൊച്ചി പള്ളുരുത്തി സ്വദേശിക്ക് വാടകയ്‌ക്ക് നല്‍കുകയും സമാനമായ രീതിയില്‍ മോഷണം പോയതായും പൊലീസ് കണ്ടെത്തി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ വളപട്ടണം സ്വദേശി കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയില്‍ കേസ് നിലവിലുണ്ട്. കാര്‍ നല്‍കാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.