എറണാകുളം: വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നവദമ്പതികൾ കടുത്ത ഫുട്ബോൾ പ്രേമികൾ. വിവാഹമാകട്ടെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയ ഇന്നലെ. നവ വരന്‍ സച്ചിന്‍ കടുത്ത മെസി ഫാന്‍, വധു ആതിരയാകട്ടെ എംബാപെയുടെ കടുത്ത ആരാധിക.
വിവാഹ വേദിയിൽ നവ വധു ആതിരയെത്തിയത് വിവാഹ സാരിക്ക് മുകളിൽ എംബാപെയുടെ ജഴ്‌സി അണിഞ്ഞാണെങ്കില്‍ വരന്‍ കതിര്‍മണ്ഡപത്തിലെത്തിയത് മെസിയുടെ ജഴ്‌സിയണിഞ്ഞായിരുന്നു. കൊച്ചി കടവന്ത്രയിലെ വിവാഹ ചടങ്ങിനെത്തിയവർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ഇരുവരുടെയും സ്പോർട്‌സ് മാൻ സ്‌പിരിറ്റിനെ അഭിനന്ദിച്ചു.
ഫുട്ബോൾ മിശിഹ മെസിയേയും ഫ്രാൻസിന്‍റെ മിന്നും താരം എംബാപയേയും സാക്ഷിയാക്കി വരന്‍ സച്ചിന്‍ ആതിരയുടെ കഴുത്തില്‍ താലിചാര്‍ത്തി പുതിയൊരു ജീവിതത്തിന് ഐശ്വര്യത്തോടെ തുടക്കം കുറിച്ചു. പുതു തലമുറയുടെ വെറൈറ്റി കല്യാണത്തിന് മാതാപിതാക്കളും കാരണവൻമാരും ബന്ധുക്കളും സുഹൃത്തുക്കളും ആശംസകൾ അർപ്പിച്ചു.
വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സച്ചിന്‍റെ വീട്ടിലെത്താനുള്ള വെമ്പലിലായിരുന്നു നവദമ്പതികള്‍. രാത്രി എട്ടരക്ക് ഇരുവരുടെയും ടീമിന്‍റെ തീപാറുന്ന ഫൈനല്‍ മത്സരം സച്ചിന്‍റെ വീട്ടില്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ചു. ലോകകപ്പ് ഉയർത്തി മെസി ചരിത്രം സൃഷ്‌ടിച്ചപ്പോൾ നവവരന്‍റെ മനസ് നിറഞ്ഞു. എംബാപയുടെ ഹാട്രിക്ക് ഗോളും ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നവവധുവിനെയും നിരാശയിലാക്കിയില്ല.
അങ്ങിനെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആതിരയും സച്ചിനും ഇനി ഒരുമിച്ച് മുന്നോട്ട് പോകും. തിരുവനന്തപുരത്തെ രാധാമാധവത്തിൽ എസ്. രാധാകൃഷ്‌ണ കമ്മത്തിന്‍റെയും ആർ. ശ്രീവിദ്യയുടെയും മകനാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ സച്ചിൻ ആർ. കമ്മത്ത്. കൊച്ചി റാം മന്ദിറിൽ ആർ.രമേശ് കുമാറിന്‍റെയും സന്ധ്യ റാണിയുടെയും മകളാണ് സിഎ വിദ്യാർഥിനിയായ ആർ.ആതിര.