എറണാകുളം : സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത എഫ്. ഐ. ആറുകൾ ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു.
ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ അടക്കമുള്ളവർക്കാണ് നോട്ടിസ്. അപ്പീൽ നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. എഫ്.ഐ.ആറുകൾ റദ്ദാക്കിയ സിംഗിൾ ബഞ്ച് നടപടി നിയമവിരുദ്ധമാണെന്നാണ് സർക്കാർ വാദം.
അതേസമയം കേസുകളിന്മേൽ ശേഖരിച്ച തെളിവുകൾ വിചാരണ കോടതിയ്ക്ക് കൈമാറണമെന്നുള്ള സിംഗിൾ ബഞ്ച് നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തുവെന്ന വിവരം എൻഫോഴ്‌സ്മെന്‍റ് കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇ.ഡിയ്‌ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സിംഗിൾ ബഞ്ച് റദ്ദാക്കിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെ ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലും മറ്റൊരു പ്രതി സന്ദീപ് നായരുടെ കത്ത് മുൻനിർത്തിയുമായിരുന്നു ക്രൈംബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത്.