എറണാകുളം: ട്രാന്‍സ്‌ജെഡർ അനന്യയെ മരണത്തിലേക്ക് നയിച്ചത് ചികിത്സയിലുണ്ടായ പിഴവെന്ന് ആരോപിച്ച് ട്രാൻസ്ജെൻഡർ സംഘടനകൾ. അനന്യയുടെ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ ചികിത്സ പിഴവ് വരുത്തിയതെന്ന് ആരോപിച്ച് ട്രാൻസ്ജെൻഡേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ് അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അനന്യ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീഴ്‌ച വരുത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. അനന്യയുടെ മൃതദേഹം വിദഗ്‌ധരടങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കണമെന്ന ട്രാൻസ്ജെൻഡേഴ്‌സിന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കും.
ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ
അതേ സമയം ചികിത്സ പിഴവ് സംഭവിച്ചുവെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്നും സത്യം മനസിലാക്കാതെയുള്ള പ്രചരണമാണ് നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
അന്വേഷണത്തിന് നിർദേശം നൽകി വകുപ്പുകൾ
വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിര്‍ദേശം നല്‍കി. അനന്യയുടെ തൂങ്ങിമരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡോ.ആര്‍. ബിന്ദു സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 23ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
READ MORE: അനന്യയുടെ തൂങ്ങിമരണം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ്