എറണാകുളം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നിയമ പരിഷ്കാരങ്ങൾക്കെതിരെയും പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെയുമുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദി സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ജനുവരി എട്ടാം തീയതി നടത്തുവാൻ തീരുമാനിച്ചതായും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആർ ചന്ദ്രശേഖരൻ പറഞ്ഞു.
പണിമുടക്കിന് മുന്നോടിയായി കേരളത്തിൽ വിവിധ ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ മേഖലാ ജാഥകൾ സംഘടിപ്പിക്കുവാനും തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്. മൂന്നു മേഖലകളിലായി നടത്തുന്ന ജാഥ ഡിസംബർ മാസം അവസാനവാരമാകും സംഘടിപ്പിക്കുന്നത്. തെക്കൻ ജില്ലകളിൽ നടത്തുന്ന ജാഥയ്ക്ക് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് നേതൃത്വം നൽകും. മധ്യകേരളത്തിൽ നടക്കുന്ന ജാഥ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം നയിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
അതേസമയം എറണാകുളം ജില്ലയിലെ സംഘടനയ്ക്കകത്തെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഐ എൻ ടി യു സി യുടെ സ്ഥാപക ദിനം പോലും അറിയാത്തവരാണ് വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നതെന്നും ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.