എറണാകുളം: 2018ലെ പ്രളയത്തിന് ശേഷം കേരളത്തിന്‍റെ പ്രകൃതിയിലും കാലാവസ്ഥയിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ആവാസ വ്യവസ്ഥയില്‍ വലിയ മാറ്റം സംഭവിച്ചതോടെ വന്യമൃഗങ്ങളും പാമ്പുകളും നാട്ടിലിറങ്ങുന്നത് പതിവായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നാട്ടുകാർക്ക് തലവേദനായി മാറുന്നത് ആഫ്രിക്കൻ ഒച്ചുകളും പെരുമ്പാമ്പുകളുമാണ്. വല്ലം, പാറപ്പുറം പ്രദേശങ്ങളിലാണ് പെരുമ്പാമ്പുകളെ കൂടുതൽ കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം വല്ലം ഗ്രീൻലാൻഡില്‍ നിന്ന് 45 കിലോയുള്ള പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. 15 ദിവസം മുൻപ് രണ്ട് പെരുമ്പാമ്പുകളെയും പിടികൂടിയിരുന്നു. ട്രാവന്‍കൂർ റയോൺസ് പരിസരത്ത് നിന്നാണ് ഏറ്റവുമധികം പെരുമ്പാമ്പിനെ പിടികൂടുന്നത്. മഴക്കാലമെത്തിയതോടെ പാടശേഖരങ്ങളിലും വീടുകളിലും ആഫ്രിക്കൻ ഒച്ചുകളും വ്യാപകമാണ്.
ഇലകളും പഴങ്ങളും തിന്നു നശിപ്പിക്കുന്നതിനൊപ്പം ഒച്ചിന്‍റെ തോടുകൾ, സ്രവം എന്നിവ നാട്ടുകാർക്ക് അസഹനീയമായി മാറി. ആറു മാസംകൊണ്ട് വളർച്ച പൂർത്തിയാക്കുന്ന ഇവ മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരത്തിലധികം മുട്ടയിടും. വേനലിൽ മണ്ണിനിടയിൽ കഴിയുന്നവ മഴക്കാലമാകുമ്പോഴാണ് വ്യാപകമായി എത്തുന്നത്.