എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിചാരണ തുടങ്ങും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുക. 136 പേരുൾപ്പെടുന്ന സാക്ഷി പട്ടികയാണ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയത്. മുപ്പത്തിയഞ്ച് ദിവസം കൊണ്ടാണ് ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂർത്തിയാക്കുക. മുഴുവൻ സാക്ഷികൾക്കും നിശ്ചയിച്ച ദിവസങ്ങളിൽ കോടതിയിൽ ഹാജരാകാർ സമൻസ് അയച്ചിട്ടുണ്ട്. ജനുവരി മുപ്പതിന് തുടങ്ങി ഏപ്രിൽ ഏഴിന് പൂർത്തിയാക്കുന്ന രീതിയിലാണ് സാക്ഷിവിസ്താരത്തിന്റെ സമയക്രമം നിശ്ചയിച്ചത്.
ഇന്ന് ഒന്നാം സാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കും. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്താരം നടക്കുക. സിനിമാ മേഖലയിൽ നിന്നുൾപ്പടെ നിരവധി പ്രമുഖരാണ് സാക്ഷി പട്ടികയിലുള്ളത്.ഒന്നാം ഘട്ടത്തിൽ നൽകിയ പട്ടികയനുസരിച്ച് സാക്ഷികളുടെ വിസ്താരം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കും. ഇതിനു ശേഷമായിരിക്കും ദിലീപ് ഉൾപ്പടെയുടെയുള്ള മുഴുവൻ പ്രതികളെയും വിസ്തരിക്കുക. സാക്ഷിവിസ്താരം ആരംഭിക്കുന്ന ഇന്ന് മുതൽ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണം. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നൽകിയ വിടുതൽഹർജി വിചാരണ കോടതി തള്ളിയിരുന്നു. അതേസമയം തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ആറ് മാസത്തിനുള്ളിൽ കേസിലെ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.