കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി. ശാസ്‌ത്രീയ പരിശോധന വേണ്ടെന്ന വിചാരണക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. രണ്ട് ദിവസത്തിനുള്ളിൽ മെമ്മറി കാർഡ് സംസ്ഥാന ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
7 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. കോടതിയുടെ കൈവശമുണ്ടായിരുന്ന, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതായി നേരത്തെ പരിശോധനയിൽ വ്യക്തമായിരുന്നു.അന്വേഷണ സംഘത്തിന്‍റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്നറിയാൻ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിന് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത്തരത്തിലൊരു പരിശോധന ആവശ്യമില്ലെന്ന നിലപാടിൽ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹർജി, വിചാരണ കോടതി തള്ളുകയായിരുന്നു. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ എത്തിയത്.
പ്രോസിക്യൂഷന്‍റെ ആവശ്യത്തിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ അട്ടിമറിക്കാനും വൈകിപ്പിക്കാനുമുള്ള പ്രോസിക്യൂഷന്‍റെ ആസൂത്രിത നീക്കമാണിതെന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സാഹചര്യത്തിൽ വീണ്ടും പരിശോധന വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.