എറണാകുളം : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെടുക്കുന്നു. കളമശ്ശേരി ക്രെംബ്രാഞ്ച് ഓഫീസിൽവച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്. സാക്ഷിയെന്ന നിലയിലാണ് നടപടി.
രഹസ്യമൊഴി രേഖപ്പെടുത്താൻ സി.ജെ.എം. കോടതി അനുമതി
നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിനെതിരെ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിൽ നിന്നും പൊലീസ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. പൊലീസ് ആവശ്യം പരിഗണിച്ച് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ സി.ജെ.എം. കോടതി അനുമതിയും നൽകി.
ബുധനാഴ്ച രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ച് വരുത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതെല്ലാം ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധഭീഷണി മുഴക്കല്‍, ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ്.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ നിർണ്ണായകമെന്ന് അന്വേഷണം സംഘം
പുതിയ കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്, അപ്പു, ബാബു ചെങ്ങമനാട്, കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിങ്ങനെ അഞ്ചുപേരെക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനയുൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിന് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ നിർണായകമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
Also Read: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന : ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും