എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതികൾ ഇന്ന് ആക്രമണ ദൃശ്യങ്ങൾ പരിശോധിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയുടെ അനുമതിയോടെയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. രാവിലെ പതിനൊന്നര മുതലാണ് ദിലീപ് ഉൾപ്പടെയുള്ള ആറ് പ്രതികൾക്കും അഭിഭാഷകർക്കും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ദൃശ്യങ്ങൾ കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നത്.
പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലായിരിക്കും പ്രതികൾ ദൃശ്യങ്ങൾ പരിശോധിക്കുക. എല്ലാ പ്രതികളും ഒരേ സമയം ദൃശ്യങ്ങൾ കാണണമെന്നാണ് കോടതി നിര്‍ദേശം. എട്ടാം പ്രതി ദിലീപിന് സാങ്കേതിക വിദഗ്‌ധന്‍റെ സഹായത്തോടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മറ്റ് പ്രതികളില്ലാതെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം നൽകണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ, മൂന്നാം പ്രതി മണികണ്‌ഠൻ, നാലാം പ്രതി വിജീഷ് എന്നിവർ അഭിഭാഷകരുട സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കും. ഒമ്പതാം പ്രതി സുനിൽ കുമാറിന്റെ അഭിഭാഷകൻ മാത്രമാണ് ദൃശ്യങ്ങൾ പരിശോധിക്കുക.
നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായകമായ തെളിവാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ദൃശ്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. ഇതേ തുടർന്നാണ് വിചാരണ കോടതി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രതികൾക്ക് അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ ദിലീപ് ദൃശ്യങ്ങൾ പരിശോധിക്കാൻ എത്താനുള്ള സാധ്യത കുറവാണ്. അതേസമയം ഇരുപതാം തീയതി കുറ്റപത്രത്തിന്മേലുള്ള ദിലീപിന്‍റെ പ്രാഥമിക വാദം കോടതി കേൾക്കും.