എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ് നശിപ്പിച്ചതിനും കൂടുതൽ തെളിവുകളുണ്ടെന്ന് സർക്കാർ. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ ഈ കാര്യം അറിയിച്ചത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു.
തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ട്. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും ലഭ്യമായിട്ടുണ്ട്. ദിലീപിന്‍റെ ഫോൺ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു.
Also read: നടിയെ ആക്രമിച്ച കേസ് : ദിലീപിന്‍റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. വധ ഗൂഢാലോചനക്കേസിൽ ദിലീപ് പ്രതിയായി എന്നത് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഏറ്റവും വലിയ തെളിവാണെന്നും പ്രോസിക്യൂഷൻ വാദമുന്നയിച്ചു. അതേസമയം പ്രോസിക്യൂഷന്‍റെ വാദങ്ങളിൽ വിചാരണ കോടതി സംശയം പ്രകടിപ്പിച്ചു.
ദിലീപിനെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. തെളിവുകൾ സംബന്ധിച്ച ലിസ്റ്റ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കോടതി ഇത് പരിശോധിക്കുകയും ചെയ്‌തു.
ദിലീപ് ഡിലീറ്റുചെയ്‌തെന്ന് പറയുന്ന നമ്പറുകൾ ആരുടെയൊക്കെയാണെണ് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ദിലീപിന്‍റെ ഫോൺ ശബ്‌ദ രേഖകളുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് വിചാരണ കോടതി ഈ മാസം 26 ലേക്ക് മാറ്റി.