എറണാകുളം: മണികണ്‌ഠൻ ആചാരി, 'കമ്മട്ടിപ്പാടം' എന്ന ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ കലാകാരൻ. 'കമ്മട്ടിപ്പാടം' കണ്ടവരാരും അദ്ദേഹം അതിൽ അവതരിപ്പിച്ച ബാലൻ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ ഇടയില്ല. 'കമ്മട്ടിപ്പാട'ത്തിന് ശേഷം പിന്നെയും നിരവധി ചിത്രങ്ങളിലൂടെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ആയി മണികണ്‌ഠൻ ആചാരി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാൽ നായകനായെത്തുന്ന 'മലൈക്കോട്ടൈ വാലിബൻ' ആണ് അദ്ദേഹത്തിന്‍റെ അടുത്തതായി പുറത്തുവരാനുള്ള ചിത്രം. തന്ത്രപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മണികണ്‌ഠൻ ആചാരി കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ ഇടിവി ഭാരത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെ 'വാലിബന്‍റെ' ലൊക്കേഷനിൽ വച്ചുണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
'വാലിബന്‍റെ' ലൊക്കേഷനായ രാജസ്ഥാനിൽ നടന്ന ഒരു സംഭവ വികാസത്തെ കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ചിത്രീകരണം നടക്കുന്നതിനിടെ ഒരാൾ അറിയാതെ ഒരു കടന്നൽ കൂടിനെ ഇളക്കി വിട്ടു. പിന്നാലെ കടന്നലുകൾ കൂട്ടത്തോടെ ലൊക്കേഷനിൽ ഉള്ളവരെ ആക്രമിക്കാനായി പറന്നെത്തിയെന്ന് മണികണ്‌ഠൻ ഓർത്തെടുത്തു.
തൃപ്പൂണിത്തുറ സ്വദേശിയായ മണികണ്‌ഠന് ഉത്സവങ്ങൾക്കിടയിൽ ആന മദം പൊട്ടി ആക്രമിക്കാൻ എത്തുമ്പോൾ ജനങ്ങൾ നാലുപാടും ജീവരക്ഷാർത്ഥം ഓടുന്നത് നിരവധി തവണ കണ്ടുപരിചയമുണ്ട്. എന്നാല്‍ ആന ഓടിക്കും പോലെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ നാല് പാടും ഓടുന്നതെന്തിനെന്ന് മണികണ്‌ഠന് ആദ്യം മനസിലായില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വ്യാകുലപ്പെട്ട് നിൽക്കുന്ന താരത്തിന് അവസാനം കണ്ണില്‍ തന്നെ ഒരു കടന്നൽ കുത്ത് കിട്ടിയപ്പോഴാണ് യാഥാർഥ്യബോധം ഉണ്ടായത്. ഒടുവിൽ കടന്നലുകളിൽ നിന്ന് രക്ഷപ്പെടാനായി തനിക്കും എങ്ങോട്ടെന്നില്ലാതെ ഓടേണ്ടി വന്നെന്നും താരം പറയുന്നു.
രാജസ്ഥാനിലെ ശക്തമായ ചൂടും, രാത്രിയിലെ ശക്തമായ തണുപ്പും പൊടിക്കാറ്റും സഹിച്ചാണ് 'വാലിബന്‍റെ' ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയതെന്ന് താരം പറഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം ദിവസംതോറും അണിയറ പ്രവർത്തകരിൽ ഓരോരുത്തരായി ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ടതായും വന്നിരുന്നു. ശാരീരികമായി വെല്ലുവിളികൾ നേരിട്ടെങ്കിലും മാനസികമായി സെറ്റിലെ ഓരോരുത്തരും സന്തോഷത്തില്‍ ആയിരുന്നെന്ന് പറഞ്ഞ മണികണ്‌ഠൻ ചിത്രം ഒരു മാജിക്കൽ എക്‌സ്‌പിരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നും ഉറപ്പ് നൽകി.
അതേസമയം ജോൺ മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ്‌ലാബ് എന്നിവ ചേർന്നാണ് ലാലേട്ടന്‍റെ ഈ ബ്രഹ്മാണ്ഡ സിനിമയായ 'വാലിബൻ' നിർമിക്കുന്നത്. മലയാളികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് 'മലൈക്കോട്ടൈ വാലിബൻ'. കഴിഞ്ഞ ദിവസം ലിജോ ജോസ് പല്ലിശ്ശേരിയുടെ അസോസിയേറ്റും സംവിധായകനുമായ ടിനു പാപ്പച്ചന്‍റെ ചിത്രത്തെ കുറിച്ചുള്ള വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ലാലേട്ടന്‍റെ ഇൻട്രോ സീനിൽ തിയേറ്ററുകൾ കുലുങ്ങും എന്നും അത് താൻ പുറത്തു നിന്ന് ആസ്വദിക്കും എന്ന തരത്തിലുള്ള പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയത്. മലയാളത്തിന്‍റെ ഇതിഹാസതാരം മോഹൻലാലിന്‍റെ വമ്പൻ തിരിച്ചുവരവാകും ഈ ചിത്രത്തിലൂടെ സാധ്യമാകുക എന്ന പ്രതീക്ഷയിലാണ് ആരാധകർ. താരത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിനായും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും ഒപ്പം സിനിമാലോകവും.