എറണാകുളം : വില്ലനായും സ്വഭാവ നടനായും മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് കുണ്ടറ ജോണി(Actor Kundara Jhony).എന്നാൽ, നടൻ ജോണിക്ക് സ്വന്തം ജന്മദേശത്തെ പേരിനൊപ്പം ചേർക്കുന്നതിൽ വലിയ താൽപര്യമില്ലായിരുന്നു. പക്ഷേ സിനിമയിൽ അഭിനയിച്ചുതുടങ്ങിയതിന് ശേഷം നാട്ടിലെ പല പരിപാടികളിലും മുഖ്യാതിഥിയായി. പരിപാടികളുടെ നോട്ടീസിൽ സുഹൃത്തുക്കളായ നാട്ടുകാരാണ് പേരിനൊപ്പം കുണ്ടറ എന്ന് ചേർത്തുവച്ചത്.
അഭിനേതാവായ കുണ്ടറ ഭാസി, കാഥികനായ കുണ്ടറ സോമൻ തുടങ്ങിയ മഹാരഥന്മാരുടെ പേര് താനായി മോശപ്പെടുത്തേണ്ടല്ലോ എന്നതായിരുന്നു യഥാർഥത്തിൽ ജോണിയുടെ മനോവിഷമത്തിന് പിന്നിൽ, അല്ലാതെ ഒരിക്കലും നാടിനോടുള്ള അതൃപ്‌തി ആയിരുന്നില്ല. സാധാരണക്കാരനായ ജോണി സിനിമാനടൻ കുണ്ടറ ജോണിയായി പ്രേക്ഷകമനസില്‍ ഇടം നേടിയത് കഠിന പ്രയത്‌നത്തിലൂടെയാണ്.
തുടക്കകാല ചിത്രങ്ങളിലൊക്കെ കമ്പനി മുതലാളിയുടേയോ, മാനേജരുടേയോ വേഷങ്ങൾ ആയിരുന്നു തേടിയെത്തിയിരുന്നത്. ജയനോടൊപ്പം 'മീൻ' എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രമാണ് സിനിമ മേഖലയിൽ കസേര ലഭിക്കുന്നതിന് വഴിയൊരുക്കിയത്. 'മീൻ' എന്ന ചിത്രത്തിനുമുമ്പ് 'കരിമ്പന' എന്ന ചിത്രത്തിലും ജയനോടൊപ്പം കുണ്ടറ ജോണി വേഷമിട്ടിരുന്നു.
ജോണി എന്ന യങ് വില്ലന് മഹാനടൻ ജയൻ കൊടുത്ത പണി : മലയാള സിനിമയുടെ തുടക്കകാലം മുതൽ 90 വരെയുള്ള ചരിത്രം പരിശോധിച്ചാൽ അക്കാലയളവിലെ ഏറ്റവും 'യങ് വില്ലൻ' താനാണെന്ന് കുണ്ടറ ജോണി അഭിമാനത്തോടെ പറയുമായിരുന്നു. മീൻ എന്ന സിനിമയിൽ സൂപ്പർതാരം ജയന് സംഭവിച്ച ഒരു കയ്യബദ്ധത്തെ പറ്റി കുണ്ടറ ജോണി വാചാലനാകാറുണ്ട്. കുണ്ടറ ജോണിയുടെ കഥാപാത്രവുമായി ജയന് ഒരേ ഒരു സംഘട്ടന രംഗം മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ ജോണിയുടെ പ്രകടനം കണ്ടാണ് സംവിധായകൻ രണ്ടാമതൊരു ആക്ഷൻ രംഗം കൂടി ചിത്രീകരിക്കാൻ തയ്യാറായത്.
ആക്ഷൻ ഡയറക്‌ടർ ത്യാഗരാജൻ മാസ്റ്ററായിരുന്നു ഫൈറ്റ് കമ്പോസ് ചെയ്‌തത്. താരതമ്യേന ചെറുപ്പക്കാരനായ ജോണി വളരെ പെട്ടെന്ന് തന്നെ കൊറിയോഗ്രാഫി ഉൾക്കൊണ്ടു. ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ ജയന് വല്ലാത്തൊരു ആവേശമാണ്. ആക്ഷൻ പറഞ്ഞ് അടി തുടങ്ങിയതോടെ സ്റ്റണ്ട് മാസ്റ്റർ പ്ലാൻ ചെയ്‌ത് വച്ചതെല്ലാം ജയൻ മറന്നു. തികഞ്ഞ അഭ്യാസിയായ ജയന്‍റെ കാൽ വായുവിൽ ഉയർന്നുപൊങ്ങി ജോണിയുടെ മുഖത്ത് പതിച്ചു.
നില തെറ്റി വീണ ജോണിയുടെ തല ചെടിച്ചട്ടിയിൽ ചെന്നിടിച്ച് അത് തകർന്നു. തലയിലാകട്ടെ ഒരു ക്രിക്കറ്റ് ബോളിന്‍റെ വലിപ്പത്തിൽ നീരുകെട്ടി. സംവിധായകൻ കട്ട് പറഞ്ഞ് ജയനോട് കയർത്തു. ജോണി ഒരു ചെറിയ പയ്യൻ അല്ലേ, നിങ്ങൾ എന്താണ് അയാളോട് കാണിച്ചതെന്നായിരുന്നു ചോദ്യം. ജയൻ സംവിധായകനോട് ഒരക്ഷരം മിണ്ടാതെ ജോണിയെ നോക്കി സോറി പറഞ്ഞു.
ജയനെ വെല്ലുവിളിച്ച ആ നിമിഷം : ആ നിമിഷം മുതൽ മഹാനടനായ ജയൻ ശ്രീ കുണ്ടറ ജോണിയുടെ ആത്മമിത്രങ്ങളിൽ ഒരാളായി. സോറി പറഞ്ഞ് വിശ്രമിക്കാനായി പോവുകയായിരുന്ന ജയന്‍റെ പിന്നിൽ നിന്ന് കുസൃതിയോടെ ജോണി ഒരു തമാശ വിളിച്ചുപറഞ്ഞു.'സാർ നായികയുമായി കടന്നുകളയുന്ന ക്ലൈമാക്‌സ് രംഗം ഉണ്ടല്ലോ. അതിൽ എന്‍റെ കഥാപാത്രം താങ്കളെ പിടികൂടി ബന്ധനസ്ഥൻ ആക്കുന്നുണ്ട്. ഒരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് താങ്കളുടെ കഥാപാത്രത്തെ എന്‍റെ കഥാപാത്രം തല്ലിച്ചതയ്‌ക്കുന്നത്. ഇപ്പോൾ എന്നോട് കാണിച്ചതിനുള്ള മറുപടി അപ്പോൾ പറഞ്ഞോളാം' - സെറ്റിൽ ചിരി പടർന്നു.
പിന്നീട് ബാലൻ കെ നായർ യുഗം വരുന്നതുവരെ സ്‌ത്രീ കഥാപാത്രങ്ങളെ ആക്രമിക്കുന്ന സ്ഥിരം ക്ലീഷേ വില്ലനായി ജോണി മാറി. മനസിനെ ഏറ്റവുമധികം മുറിപ്പെടുത്തുന്ന സംഗതിയായിരുന്നു സ്‌ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുന്ന രംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമ്പോൾ ഉണ്ടായതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. അതിലെ ചില സംഭവങ്ങൾ അദ്ദേഹം എക്കാലവും വേദനയോടെ ഓർത്തിരുന്നു.
ആ കഥാപാത്രം ചെയ്യുമ്പോൾ മനസ് വല്ലാതെ വേദനിച്ചു : 'അങ്കച്ചമയം' എന്ന ചിത്രത്തിലെ കഥാപാത്രം ഒരു പ്രമാണിയും സ്‌കൂൾ നടത്തിപ്പുകാരനും ഒക്കെയാണ്. പ്രമാണിയുടെ സ്‌കൂളിൽ പഠിക്കുന്ന ഒൻപത് വയസുകാരിയായ കുഞ്ഞിനെ അയാൾ ബലാൽക്കാരം ചെയ്‌ത് കൊല്ലുന്ന രംഗമുണ്ട്. തിരക്കഥ കേട്ടപ്പോൾ മുതൽ അത്തരം ഒരു രംഗം ചെയ്യുന്നതിന് എതിർപ്പുണ്ടായിരുന്നു.
കുടുംബത്തിലെ ഏറ്റവും ഇളയ മകനാണ് ജോണി. സഹോദരങ്ങളുടെ കുട്ടികൾക്കും മറ്റ് ബന്ധുക്കളുടെ കുഞ്ഞുങ്ങൾക്കും ഏകദേശം ഇതേ പ്രായമാണ്. സംവിധായകനോട് തന്‍റെ എതിർപ്പ് തുറന്നുപറഞ്ഞു. ജോണിയുടെ പക്ഷം കേട്ട ശേഷം സംവിധായകനായ രാജാജി ബാബു അക്കാലത്ത് നാട്ടിൽ നടന്ന ഏറ്റവും ക്രൂരമായ ഒരു സംഭവം ചൂണ്ടിക്കാണിച്ചു.
അതിക്രമത്തിനിരയായി മരണപ്പെട്ട സ്‌ത്രീക്ക് 75 വയസായിരുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾ തുടരും. അതുകൊണ്ട് സിനിമയിലെ ഒരു കഥാപാത്രം അത്തരമൊരു രംഗം അഭിനയിക്കുന്നതിൽ തെറ്റില്ല. ഇതൊക്കെ കണ്ടെങ്കിലും മനുഷ്യന്‍റെ മനസ് മാറട്ടെ. സംവിധായകൻ ജോണിയെ ആ രംഗം ചെയ്യാൻ പ്രേരിപ്പിച്ചു. മനസില്ലാ മനസോടെ ആ രംഗത്തിൽ അഭിനയിച്ചെങ്കിലും മരണം വരെ മറക്കാനാകാത്ത മുറിപ്പാടായി ആ രംഗം ജോണിയുടെ മനസിൽ ഉണ്ടായിരുന്നു.
അന്ന് സുഹാസിനി ചോദിച്ചു, ജോണി ചേട്ടനും സഹോദരിമാരില്ലേ : ബാലു കിരിയത്ത് സംവിധാനം ചെയ്‌ത ചിത്രത്തിൽ അക്കാലത്ത് സൂപ്പർ നായികയായിരുന്ന സുഹാസിനിയെ ആക്രമിക്കുന്ന രംഗം ഉണ്ടായിരുന്നു. സുഹാസിനിയുമായി മികച്ച ആത്മബന്ധം ജോണിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ ഒരു രംഗത്തിൽ അഭിനയിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു.
ആ ചിത്രത്തിലും സംവിധായകന്‍റെ നിർബന്ധപ്രകാരം തീരുമാനം മാറ്റേണ്ടതായി വന്നു. കൊടൈക്കനാലിലെ ഒരു പബ്ലിക് പാർക്കിൽ ഷൂട്ടിംഗ് കാണാനെത്തിയതും അല്ലാത്തതുമായ സാധാരണ ജനങ്ങളുടെ മുന്നിൽവച്ച് വേണം ഈ രംഗം അഭിനയിക്കാൻ. ജോണിയുടെ കഥാപാത്രത്തിൽ നിന്നും കുതറിയോടുന്ന സുഹാസിനിയുടെ കഥാപാത്രത്തെ പിന്നില്‍ നിന്നും പിടിച്ച് അതിക്രൂരമായി ബലാൽക്കാരം ചെയ്യേണ്ടതാണ് രംഗം.
ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് സുഹാസിനിയുടെ അടുത്തെത്തി ജോണി ചോദിച്ചു. സുഹാസിനിക്ക് എന്തെങ്കിലും പറയാനുണ്ടോ ?. അതിന് ഒരു ചോദ്യമായിരുന്നു സുഹാസിനിയുടെ മറുപടി.'ജോണി ചേട്ടനും സഹോദരിമാർ ഒക്കെ ഉണ്ടല്ലോ അല്ലേ...'
എന്ത് മറുപടി പറയാൻ. വ്രണപ്പെടുത്തുന്ന ഓർമ്മകൾ തന്നെ - ജോണി പറഞ്ഞുവച്ചിട്ടുണ്ട്. സിനിമയിൽ തന്‍റേതായ സ്ഥാനം നേടി, വിവാഹിതനായ ശേഷം, ഇനി ഒരിക്കലും സ്‌ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്ന രംഗങ്ങളിൽ അഭിനയിക്കില്ല എന്ന് അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.
അന്ന് ഞാനുമൊത്തുള്ള ആ രംഗം ചെയ്യില്ലെന്ന് കൽപന പറഞ്ഞു : അന്തരിച്ച കലാകാരി കൽപനയുമായും ജോണിക്ക് അഗാധമായ ബന്ധമുണ്ടായിരുന്നു. കൽപനയുടെ കുടുംബ സുഹൃത്തായിരുന്നു ജോണി. 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന കമൽ ചിത്രത്തിൽ കൽപനയുടെ കഥാപാത്രം ജോണിയുടെ കഥാപാത്രത്തെ അടിക്കുന്ന ഒരു രംഗമുണ്ട്. സംവിധായകൻ കമൽ നിർദേശങ്ങൾ നൽകി ക്ലാപ്പ് ഇൻ നിർദേശിച്ചു.
അന്ന് കമലിന്‍റെ മുഖത്തേക്ക് തിരിഞ്ഞുനോക്കി കൽപന പറഞ്ഞത് ഇങ്ങനെയാണ്. 'സാർ എന്തൊക്കെ പറഞ്ഞാലും ശരി ജോണി അങ്കിളിന്‍റെ മുഖത്തടിക്കാൻ എനിക്കാവില്ല'. സംവിധായകൻ കമൽ നന്നേ പണിപ്പെട്ട് കൽപനയെ പറഞ്ഞുമനസിലാക്കിയ ശേഷമാണ് ആ രംഗം ചിത്രീകരിച്ചത്. ജോണിയുടെ അഭിനയ ജീവിതത്തിലെ മധുരമുള്ള ഓർമയാണത്.
സ്‌ഫടികവും കിരീടവും : കരിയറിലെ പൊൻതൂവലായ വേഷങ്ങൾ 'സ്‌ഫടികത്തിലേതും കിരീടത്തിലേതും' തന്നെ. കിരീടത്തിൽ മോഹൻലാലും കുണ്ടറ ജോണിയും തമ്മിൽ അടിപിടി കൂടുന്ന ഒരു രംഗമുണ്ട്. അത് ചിത്രീകരിക്കാനായി സിനിമയുടെ അണിയറ പ്രവർത്തകർ സ്ഥലം കണ്ടെത്തിയതാകട്ടെ തിരുവനന്തപുരം മ്യൂസിയത്തിന് പുറകിലും.
കശാപ്പ് ചെയ്‌ത മൃഗങ്ങളുടെ അവശിഷ്‌ടങ്ങൾ വർഷങ്ങളായി ഉപേക്ഷിക്കുന്ന സ്ഥലമാണത്. രാവിലെ തന്നെ സംവിധായകൻ സിബി മലയിലും മറ്റ് അണിയറ പ്രവർത്തകരും ലൊക്കേഷനിൽ എത്തിച്ചേർന്നു. ജോണിക്കും മോഹൻലാലിനും ആക്ഷൻ ഡയറക്‌ടർ കൊറിയോഗ്രാഫി വിവരിച്ചുകൊടുത്തു.
ഫസ്റ്റ് പഞ്ച്, ജോണി താഴെ വീണ് തറയിലേക്ക് കൈ കുത്തിയതും മണ്ണ് ഇളക്കി പുഴുക്കളുടെ കൂമ്പാരം വെളിയിൽ വന്നു. ആ പ്രദേശമാകെ മൃഗ വേസ്റ്റുകൾ അഴുകി പുഴുക്കള്‍ അടിഞ്ഞതാണ്. ജോണി മോഹൻലാലിന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി. ലാലിന്‍റെ സ്വതസിദ്ധമായ ചോദ്യം. 'എന്താ അണ്ണാ നമ്മൾ അങ്ങ് എടുക്കുകയല്ലേ'. അതേയെന്ന് ജോണിയും പറഞ്ഞു. രാവിലെ തുടങ്ങിയ ഷൂട്ടിങ് ഉച്ചയ്‌ക്ക് രണ്ടുമണിയോടുകൂടി പായ്‌ക്കപ്പായി. ആ കഷ്‌ടപ്പാടിനുള്ള ഫലം കിരീടം എന്ന ചിത്രം പുറത്തിറങ്ങിയതിനുശേഷം ജോണിക്ക് ലഭിച്ചു. മണിക്കൂറുകൾകൊണ്ട് ചിത്രീകരിച്ച ആ സംഘടന രംഗം പക്ഷേ കിരീടം തെലുഗിൽ റീമേക്ക് ചെയ്‌തപ്പോൾ ആറ് ദിവസത്തോളം എടുത്താണ് പൂർത്തിയാക്കിയതെന്നും ജോണി പറഞ്ഞിട്ടുണ്ട്.
'ബ്രഹ്മം' എന്ന സിനിമയിൽ തമിഴ് നടൻ സത്യരാജിന്‍റെ അടിയേറ്റ് താഴെ വീണ് പരിക്കുപറ്റി പുരികത്തിന്‍മേല്‍ ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്ന കാര്യം കണ്ണാടിയിൽ മുഖം നോക്കുമ്പോൾ എല്ലാം ജോണിക്ക് ഓർമവരും. അന്ന് സ്റ്റിച്ചിടാനായി കൊണ്ടുപോയ ആശുപത്രിയിലെ ഡോക്‌ടർ പുരികം വടിച്ചുകളയാതെയാണ് മുറിവ് തുന്നി ചേർത്തത്. ഒരുപാട് നാൾ കഥാപാത്രങ്ങൾ ചെയ്യുന്നതിന് ആ അടയാളം വിലങ്ങുതടിയായിരുന്നു.
അഭിനയ ജീവിതത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോദിച്ചാൽ ജോണി ചിരിച്ചുകൊണ്ട് പറയുന്ന മറുപടിയുണ്ട്. 'അടികൊടുത്തും മേടിച്ചും ഒരു അഭിനയജീവിതം'. സിനിമയിലെ അടികളെ കുറിച്ച് മാത്രമല്ല ജോണിക്ക് പലപ്പോഴും പറയാനുണ്ടായിരുന്നത്. ജീവിതത്തിലും നടത്തിയിട്ടുണ്ട് ഒരു ഉഗ്രൻ അടി. ചരിത്രത്തിന്‍റെ ഭാഗമായ തല്ല്.
ജീവിതത്തിലെ ആ വില്ലൻ റോൾ : കൊല്ലത്തെ പ്രശസ്‌തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഫാത്തിമ മാതയും എസ് എൻ കോളജും. ഫാത്തിമ മാതയിലെ പ്രീഡിഗ്രി പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ജോണിയുടെ കോൺഡക്‌ട് സർട്ടിഫിക്കറ്റിൽ ഒൻപത് സ്റ്റാറുകളായിരുന്നു. ഓരോ സ്റ്റാറും ഓരോ കുരുത്തക്കേടുകളുടെ അടയാളവും. എസ് എൻ കോളജിൽ പഠനം തുടങ്ങിയിട്ടും ഫാത്തിമ മാതയിലെ സുഹൃദ് ബന്ധങ്ങൾ ഉപേക്ഷിക്കാൻ ജോണി ഒരുക്കമായിരുന്നില്ല.
തീവണ്ടിയിലാണ് കൊല്ലത്തേക്ക് വരിക. ഫാത്തിമ മാതയുടെ മുന്നിലെത്തുമ്പോൾ തീവണ്ടി ചെയിൻ വലിച്ച് നിർത്തുക പതിവാണ്. ഫാത്തിമ മാത കോളജിന്‍റെ ഒരു വശത്തെ ഇടിഞ്ഞ മതിൽ വഴി അകത്തേക്ക് കയറും. കാന്‍റീനിൽ എത്തി പഴംപൊരിയും ചായയും കഴിക്കും. സുഹൃത്തുക്കളോടൊപ്പം സൊറ പറയും. ശേഷമാകും എസ് എൻ കോളജിലേക്ക് പോവുക.
അങ്ങനെയിരിക്കെ കാന്‍റീനിൽ വച്ച് ഒരു പഴംപൊരിയെ അടിസ്ഥാനപ്പെടുത്തി ജൂനിയർ കുട്ടികളുമായി ഒരു വാക്കേറ്റം ഉണ്ടായി. അതൊരു വലിയ വഴക്കില്‍ കലാശിച്ചു. ജോണിയുമായി വഴക്കിട്ടതിന് എസ് എൻ കോളജിലെ കുട്ടികൾ ഫാത്തിമ മാത കോളജിലെ ആരാധനാമഠം അടിച്ചുപൊളിച്ചു. അതേസമയം, ഫാത്തിമ മാതയിലെ കുട്ടികൾ ആകട്ടെ എസ് എൻ കോളജിലെ ശ്രീനാരായണഗുരുവിന്‍റെ മന്ദിരവും തകർത്തു.
കാര്യങ്ങൾ കൈവിട്ടുപോയി, തല്ല് വർഗീയ തലത്തിലേക്ക് വളർന്നു. 33 ദിവസം ഇരു കോളജുകളും അടച്ചിടേണ്ടിവന്നു. സിനിമയിലെ വില്ലത്തരത്തിന് മുമ്പ് ജീവിതത്തിലെ ഒരു വില്ലത്തരമെന്ന് പുഞ്ചിരിയോടുകൂടി ജോണി ഈ സംഭവം ഓർക്കും.