എറണാകുളം: വനിത പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷ നടപടിയെടുത്തതിൽ പൊലീസുകാർക്കിടയിൽ അതൃപ്‌തി. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് വനിത പൊലീസ് സ്റ്റേഷനിൽ പരിശോധനയ്ക്കായി യൂണിഫോമില്ലാതെ എത്തിയ ഡിസിപിയെ പാറാവ് ജോലിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. തുടർന്ന് ഈ പൊലീസുകാർക്കെതിരെ നടപടി എടുത്തതിലാണ് സേനക്കുള്ളിൽ തന്നെ അതൃപ്‌തി. പുതുതായി ചുമതലയേറ്റ ഡിസിപിയെ പരിചയം ഇല്ലാത്തതിനാലാണ് തടഞ്ഞെതെന്ന് ഉദ്യോഗസ്ഥർ വിശദീകരണം നൽകി. ഇതിൽ ഒരാളെ രണ്ട് ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലെക്ക് മാറ്റുകയും ചെയ്‌തു.
അതേസമയം വിശദീകരണവുമായി കൊച്ചി ഡി സി പി ഐശ്വര്യ ഡോംഗ്രേ രംഗത്തെത്തി .മഫ്‌തി വേഷത്തിലാണെങ്കിലും ഔദ്യോഗിക വാഹനത്തിൽ താനെത്തിയപ്പോൾ ജാഗ്രത പുലര്‍ത്താതിരുന്നത് കൊണ്ടാണ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് ഡിസിപിയുടെ നിലപാട്. ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ശിക്ഷിച്ചതെന്നാണ് ഡിസിപി വ്യക്തമാക്കിയത്.