എറണാകുളം: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പയ്യോളി സ്വദേശി അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൊലപാതകത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എട്ട് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയ്‌ക്ക് ശേഷം ഓഗസ്റ്റ് 27ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണം.
സജീവിനെ കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതി അര്‍ഷാദിനെ ബുധനാഴ്‌ചയാണ് (ഓഗസ്റ്റ് 17) മഞ്ചേശ്വരത്ത് വച്ച് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ശനിയാഴ്‌ച (ഓഗസ്റ്റ് 20) പുലര്‍ച്ചെ കൊച്ചിയില്‍ എത്തിച്ചു. ജില്ല ജയിലിൽ നിന്നും ഇയാളെ ഉച്ചയോടെയാണ് കാക്കനാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
മെഡിക്കൽ പരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിലും പ്രതിയെ തെളിവെടുപ്പിന് എത്തിക്കും. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ ചോദ്യം ചെയ്യലിലൂടെ അന്വേഷണ സംഘം വ്യക്തത വരുത്തും.
ലഹരി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ നിന്നും ചൊവ്വാഴ്‌ച(16.08.2022) വൈകുന്നേരമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്‌ണയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫ്ലാറ്റിലെ മുറിയില്‍ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സജീവ് ഉള്‍പ്പെടെ നാല് പേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിനോദ യാത്ര പോയിരുന്നു. അവര്‍ മടങ്ങിയെത്തിയപ്പോള്‍ ഫ്ലാറ്റ് പൂട്ടിയ നിലയിലാണ് കണ്ടത്. തുടര്‍ന്ന് സജീവിനെയും അര്‍ഷാദിനെയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.
എന്നാല്‍ അല്‍പ സമയത്തിനകം തങ്ങള്‍ സ്ഥലത്തില്ലെന്ന് കാണിച്ച് ഈ മൊബൈലുകളില്‍ നിന്ന് സന്ദേശം വന്നു. അതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപ്പോഴാണ് സജീവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സജീവിന്‍റെ ദേഹത്ത് മുറിവേറ്റ പാടുകള്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന അര്‍ഷാദിനെ ബന്ധപ്പെടാന്‍ കഴിയാത്തത് സംശയത്തിന് കാരണമായി. തുടര്‍ന്ന് അര്‍ഷാദിന്‍റെ മൊബൈലിന്‍റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്‍റെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവര്‍ ലൊക്കേഷന്‍.
ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും പൊലീസ് കണ്ടെത്തി.
കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ഷാദ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
also read: കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : അന്വേഷണം ലഹരി വില്‍പ്പന സംഘങ്ങളിലേക്കും വ്യാപിപ്പിച്ചതായി കമ്മീഷണർ