എറണാകുളം: പ്രവാസി വ്യവസായി ഹാരിസിന്‍റെയും ജീവനക്കാരിയുടെയും കൊലപാതക കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. മകന്‍റെ മരണത്തിലെ മുഴുവൻ വസ്‌തുതകളും പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹാരിസിന്‍റെ മാതാവ് ടി.പി സാറാബി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. കോഴിക്കോട് സ്വദേശിയായ ഹാരിസിനെ 2020 മാർച്ചിലാണ് അബുദബിയിലെ ഫ്ലാറ്റിൽ സഹപ്രവർത്തകയായ ചാലക്കുടി സ്വദേശി ഡെൻസിയ്‌ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ എന്നായിരുന്നു അബുദബി പൊലീസിന്‍റെ നിഗമനം. എന്നാൽ 2022 ഏപ്രിൽ 29ന് സെക്രട്ടേറിയറ്റിന് മുൻപിൽ സലിം, നൗഷാദ്, സക്കീർ എന്നീ യുവാക്കൾ നടത്തിയ വെളിപ്പെടുത്തലോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്. നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊല ചെയ്‌ത കേസിലെ ഒന്നാം പ്രതി ഷൈബിൻ അഷ്റഫ് തങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഷൈബിൻ്റെ നിർദേശ പ്രകാരമാണ് അദ്ദേഹത്തിൻ്റെ മുൻ പാർട്‌ണർ ആയ കോഴിക്കോട് സ്വദേശി ഹാരിസിനെ അബുദബിയിൽ വെച്ച് കൊലപ്പെടുത്തിയത് എന്നും പ്രതികൾ വെളിപ്പെടുത്തിയിരുന്നു.
ഇതിനെ തുടർന്നാണ് ഹാരിസിൻ്റെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ കോടതി നിർദേശ പ്രകാരം നിലമ്പൂർ പൊലീസ് കേസ് എടുത്തത്. കേരളത്തിലും അബുദബിയിലും രണ്ടു ഘട്ടങ്ങളായി നടന്ന കുറ്റകൃത്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.