എറണാകുളം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി ഇന്ന് ആശുപത്രിയിൽ തുടരും. ഉയർന്ന രക്തസമ്മർദം തുടരുന്ന സാഹചര്യത്തിൽ ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. വിദഗ്‌ദ ഡോക്‌ടർമാർ അടങ്ങിയ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു.
ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്തിയ മദനി, കൊച്ചിയില്‍ നിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ച് അഞ്ച് കിലോമീറ്റർ പിന്നിടുന്നതിനിടെയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മർദം ഉയർന്ന സാഹചര്യത്തില്‍ ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കൊല്ലത്തേക്ക് യാത്ര തുടരാമെന്ന് ബന്ധുക്കളും പാർട്ടി നേതാക്കളും തീരുമാനിക്കുകയായിരുന്നു.
രാത്രി ഏഴരയോടെ ബെംഗളൂരുവിൽ നിന്നെത്തിയ മദനിയെ, നെടുമ്പാശേരി വിമാനത്താവളത്തിൽ മുദ്രാവാക്യം വിളികളോടെ ഏറെ ആവേശത്തോടെയാണ് പിഡിപി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചത്. വിമാനമാർഗം എത്തിയ മദനിയെ ആംബുലൻസിൽ കൊല്ലത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനം.
നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന അദ്ദേഹം ഏറെ ക്ഷീണിതനായിരുന്നു. കൊല്ലത്തുള്ള പിതാവിനെ സന്ദർശിക്കാനാണ് മദനി യാത്ര തിരിച്ചതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌ത ശേഷമാകും പിതാവിനടുത്തേക്ക് പോവുക. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് മദനി അഞ്ചര വർഷത്തിന് ശേഷം കേരളത്തിലെത്തിയത്. നേരത്തെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ കേരളത്തിലേക്ക് വരാൻ മദനിക്ക് സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ യാത്ര ചെലവ് കൂടി വഹിക്കണമെന്ന കർണാടക സർക്കാർ നിബന്ധനയെ തുടർന്ന് യാത്ര വൈകുകയായിരുന്നു. ഭീമമായ യാത്ര ചെലവ് വഹിക്കാനാവില്ലെന്ന നിലപാട് എടുക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കർണാടകത്തിൽ ഭരണമാറ്റമുണ്ടായതോടെ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് യാത്ര ചെലവിൽ ഇളവ് നൽകിയതോടെയാണ് അദ്ദേഹം കേരളത്തിലേക്ക് വരാൻ തീരുമാനിച്ചത്.
കേരളത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് കൊച്ചിയിലെത്തിയ മദനി പറഞ്ഞു. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിൽ കൂടെ നിന്ന എല്ലാരോടും നന്ദി രേഖപ്പെടുത്തുന്നു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയാവുന്ന കേസാണ് 14 വർഷമായി നീട്ടിക്കൊണ്ടുപോയത്. എനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് ഉറപ്പുണ്ട്. ഇതുപോലെയാണെങ്കിൽ ഇനിയും വർഷങ്ങളെടുക്കും. കർണാടകയിലെ ഭരണമാറ്റം വലിയൊരു സഹായമായില്ലെങ്കിലും ദ്രോഹമായില്ല. നിസഹായരായി ജയിലിൽ കഴിയുന്നവരുടെ വിചാരണ കാര്യത്തിൽ നീതിന്യായ വ്യവസ്ഥയിൽ പുന:പരിശോധന വേണമെന്നും മദനി പറഞ്ഞു.
ജൂലൈ എട്ട് വരെ കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി ഏപ്രിൽ 17ന് അനുമതി നൽകിയിരുന്നു. 83 ദിവസം കേരളത്തിൽ കഴിയാനായിരുന്നു അനുമതി ലഭിച്ചത് എന്നാൽ സുരക്ഷയ്ക്കായി 20 പൊലീസ് ഉദ്യോഗസ്ഥർ മദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബിജെപി സർക്കാറിന്‍റെ കാലത്ത് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു.
ഇക്കാര്യങ്ങളിലാണ് കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ ഇളവ് വരുത്തിയത്. സുരക്ഷ നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഒരു ഡസനായി ചുരുക്കിയിരുന്നു. അതേസമയം മദനി താമസിക്കുന്ന കൊല്ലം അൻവാർശേരി അനാഥ മന്ദിരത്തിന് കേരള പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. സന്ദർശകർക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെത്തിയിട്ടുണ്ട്. 12 ദിവസവും കനത്ത സുരക്ഷയിൽ കേരളത്തിൽ കഴിഞ്ഞ ശേഷമായിരിക്കും അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങുക.